വയനാട് – കോഴിക്കോട് തുരങ്ക പാത നിർമാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
കോഴിക്കോട്: വയനാട് -കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ചുള്ള ഇരട്ട തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. സംസ്ഥാനത്തിന്റെ വ്യാപാര-വാണിജ്യ-ടൂറിസം മേഖലയ്ക്ക് ഉണര്‍വേകുന്ന പദ്ധതിയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാടിനെ സംബന്ധിച്ച് ഇത് സ്വപ്ന പദ്ധതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2021ല്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നല്കിയ വാഗ്ദാനങ്ങളില്‍ 33ാമത്തെ ഇനമയിരുന്നു തുരങ്കപാത. അത് യാഥാര്‍ഥ്യമാകാന്‍ പോകുകയാണ്. പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ചെയ്യുന്നതാണ് പദ്ധതി. 2143 കോടി രൂപയാണ് കിഫ്ബി മുഖാന്തിരം പദ്ധതിക്കായി അനുമതി നല്‍കിയിട്ടുള്ളത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പിണറായി വിജയന്റെ കുറിപ്പ് വായിക്കാം: ”കേരളത്തിന്റെ അടിസ്ഥാന വികസനമേഖലയില്‍ പുതിയൊരു നാഴികക്കല്ലായി മാറാന്‍ പോകുന്ന ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി ഇരട്ട തുങ്കപാതയുടെ നിര്‍മ്മാണ ഉദ്ഘാടനം ഇന്ന് നടന്നു. കേരളത്തിന്റെ വ്യാപാര – വാണിജ്യ – ടൂറിസം മേഖലകള്‍ക്ക് പുതിയ കുതിപ്പ് നല്കുന്ന ഈ പദ്ധതി താമരശ്ശേരി ചുരം വഴിയുള്ള ഗതാഗത പ്രശ്നങ്ങള്‍ക്കു ശാശ്വത പരിഹാരമായിരിക്കും. വയനാടിനെ സംബന്ധിച്ചിടത്തോളം ഇതൊരു സ്വപ്നസാഫല്യമാണ്.
2021 ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 50 ഇനങ്ങളിലായി 900 വാഗ്ദാനങ്ങളാണ് മുന്നോട്ടുവച്ചിരുന്നത്. അതില്‍ 33-ാമത്തെ ഇനമായി റോഡ് വികസന പദ്ധതികളുടെ കൂട്ടത്തില്‍ വയനാട് തുരങ്ക പാതയും ഒരു വാഗ്ദാനമായി മുന്നോട്ടുവച്ചിരുന്നു. അതുടനെ യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണ്. വെല്ലുവിളികളെ മറികടന്ന് നാടിന്റെ വികസനം നടപ്പാക്കാന്‍ വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് ഈ തുരങ്കപാതയില്‍ പ്രതിഫലിക്കുന്നത്.
നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ കേരളത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കപാതയാകും ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്കപാത. ഇന്ത്യയിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമുള്ള മൂന്നാമത്തെ തുരങ്കപാതയും ഇതായിരിക്കും. പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ചെയ്യുന്ന ഈ പദ്ധതിക്കായി കിഫ്ബി മുഖാന്തിരം 2143 കോടി രൂപയുടെ സാമ്പത്തിക അനുമതിയാണ് നല്‍കിയിട്ടുള്ളത്.