വയനാട് ദുരന്തം: ഇന്ന് വാർഷികം, അനുസ്മരണവും പ്രതിഷേധവും
കഴിഞ്ഞ വർഷം, ഇന്നേ ദിവസം കേരളം ഉണര്‍ന്നത് വയനാട് ദുരന്തത്തിന്റെ ഓര്‍മകള്‍ പേറുന്ന ഭാരവുമായിട്ടായിരുന്നു.
കേരളത്തിന്റെ മനസിനെ ആഴത്തില്‍ മുറിവേല്‍പ്പിച്ച വയനാട് ദുരന്തത്തിന് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുകയാണ്. കഴിഞ്ഞ വര്‍ഷം അര്‍ധരാത്രിയിലാണ് മുണ്ടക്കൈയെയും ചൂരല്‍മലയെയും തുടച്ചു നീക്കിയ ദുരന്തമുണ്ടായത്. ആര്‍ത്തലച്ചെത്തിയ ഉരുളിനൊപ്പം ഒഴുകിപ്പോയത് 298 ജീവനുകളാണ്. കാണാമറയത്ത് ഇപ്പോഴും 32 പേര്‍.
ജൂലൈ 29 ന് അര്‍ധരാത്രിയില്‍ പുഞ്ചിരിമട്ടം മേഖലയിലാണ് ആദ്യ മണ്ണിടിച്ചിലുണ്ടായത്. തുടര്‍ന്ന് രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമായി മാറുകയായിരുന്നു. ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള കാത്തിരിപ്പിനും ഇന്ന് ഒരാണ്ട് പൂര്‍ത്തിയാവുകയാണ്. ആകെ 410 വീടുകളാണ് ടൗണ്‍ഷിപ്പില്‍ നിര്‍മിക്കുന്നത്. പുനരധിവാസത്തിലെ മെല്ലെപ്പോക്കിനെതിരേ ഇന്ന് പ്രതിഷേധവും സംഘടിപ്പിച്ചിട്ടുണ്ട്.
ദുരന്തത്തില്‍ മരിച്ചവരെ ഓര്‍ത്ത് സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് ഒരു മിനിറ്റ് മൗനം ആചരിക്കും. രാവിലെ 10 മണിക്ക് ഒരു മിനിറ്റ് മൗനം ആചരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. 2024 ജൂലൈ 30ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ 52 വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ടിരുന്നു. ദുരന്ത മേഖലയില്‍ അനുസ്മരണ ചടങ്ങുകള്‍ നടക്കുന്നുണ്ട്. മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്നുണ്ട്.