കർമ്മ പഥത്തിലെ കാവൽ മാലാഖമാർ : ഇന്ത്യൻ സൈന്യത്തിലെ പെൺതിളക്കം
ഇന്ത്യയ്ക്കു ലഭിച്ച സ്വാതന്ത്ര്യം സ്വന്തം ജീവൻ പോലെ കാത്തു സൂക്ഷിക്കുന്നവര്‍. മഞ്ഞും മഴയും വെയിലും ഏറ്റ് രാജ്യത്തിന് കാവല്‍ നില്‍ക്കുന്നവര്‍. സൈനികരുടെ സേവനത്തിന് വിലയിടാനാകില്ല. ഓപ്പറേഷന്‍ സിന്ദൂറില്‍ അടക്കം ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തിയും ധീരതയും ലോകത്തിന് മുന്നില്‍ വെളിപ്പെട്ടതാണ്. സൈന്യത്തില്‍ വനിതകളുടെ സാന്നിധ്യം ഏറെ പ്രശംസിക്കപ്പെട്ടത് ഓപ്പറേഷന്‍ സിന്ദൂറിനു ശേഷമാണ്.
ഓപ്പറേഷന്‍ സിന്ദൂറിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ സൈനിക നടപടിയെക്കുറിച്ച് വിശദീകരിച്ചത് കേണല്‍ സോഫിയ ഖുറേഷിയായിരുന്നു. സൈന്യത്തിന്റെ ഊര്‍ജവും ശക്തിയും പ്രതിഫലിപ്പിക്കുന്നതായിരുന്നു സോഫിയയുടെ വാക്കുകള്‍. പുരുഷനൊപ്പം തുല്യ പ്രാതിനിധ്യത്തിന്റെ ശക്തമായ സന്ദേശമാണ് അന്നത്തെ വാര്‍ത്താ സമ്മേളനം നല്‍കിയത്.
മെഡിക്കല്‍ റോളുകളില്‍ അല്ലാതെ 1992 ലാണ് ഇന്ത്യന്‍ സായുധ സേന ആദ്യമായി സ്ത്രീകള്‍ക്കായി വാതിലുകള്‍ തുറന്നിട്ടത്. ഇത് രാജ്യത്തെ സേവിക്കാനുള്ള പല സ്ത്രീകളുടെയും സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നതില്‍ വലിയ പങ്ക് സത്രീകളും വഹിക്കുന്നു.
78-ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് വനിത സൈനികരുടെ പങ്കും ചര്‍ച്ചയാകുകയാണ്. വനിതാ മാഗസിനായ ഫെമിനയുടെ കവര്‍ ചിത്രം ഇക്കുറി സൈന്യത്തിലെ സ്ത്രീകളുടേതാണ്. യൂണിഫോമിലുള്ള ധീര വനിതകളുടെ അസാധാരണമായ മനക്കരുത്തും രാജ്യസ്‌നേഹവുമാണ് ആഘോഷിക്കപ്പെടുന്നത്.
‘ഇന്‍ ദി ലൈന്‍ ഓഫ് ഡ്യൂട്ടി’ എന്ന തലക്കെട്ടിലുള്ള ഫെമിനയുടെ സ്വാതന്ത്ര്യദിന സ്‌പെഷ്യല്‍ കവര്‍ സ്റ്റോറിയില്‍ ഇന്ത്യന്‍ സൈന്യത്തിലെ ഉന്നത സ്ഥാനങ്ങളിലുള്ള വനിതാ ഓഫീസര്‍മാരുടെ വിശദാംശങ്ങള്‍ നല്‍കിയിരിക്കുന്നു. വ്യത്യസ്തമായ പശ്ചാത്തലങ്ങളില്‍ നിന്നാണ് അവര്‍ വരുന്നത്. രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമാകുന്ന വനിതാ സൈനികരുടെ വിശേഷങ്ങള്‍ വായിക്കാം.
കേണല്‍ സോഫിയ ഖുറേഷി
ഓപ്പറേഷന്‍ സിന്ദൂറിലൂടെയാണ് കേണല്‍ സോഫിയ ഖുറേഷി രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. പാകിസ്ഥാനെതിരേയുള്ള സൈനിക നടപടി വിശദീകരിക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ വ്യോമസേനയിലെ വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങിനും ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കും ഒപ്പം സോഫിയ ഖുറേഷിയുമുണ്ടായിരുന്നു.
കേണല്‍ സോഫിയ ഖുറേഷി 1999 ലാണ് ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്നത്. ഈ വര്‍ഷം സോഫിയ സൈന്യത്തില്‍ 26 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. സൈനിക പാരമ്പര്യമുള്ള സോഫിയ മുത്തച്ഛന്റെ പാത പിന്തുടര്‍ന്നാണ് സൈന്യത്തിലെത്തിയത്. ഇന്ത്യന്‍ സൈന്യത്തിലെ കോര്‍പ്‌സ് ഓഫ് സിഗ്‌നല്‍സിന്റെ ആദ്യ വനിതാ ഓഫിസറായും അവര്‍ ചരിത്രം കുറിച്ചിട്ടുണ്ട്.
ജമ്മു കശ്മീര്‍, വടക്കു കിഴക്കന്‍ മേഖല, നിയന്ത്രണ രേഖ (എല്‍ഒസി), അന്താരാഷ്ട്ര അതിര്‍ത്തി (ഐബി) എന്നിങ്ങനെ ശാരീരികമായി ഏറെ അധ്വാനം വേണ്ടി വരുന്ന മേഖലകളില്‍ എല്ലാം കേണല്‍ സോഫിയ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കലാപ വിരുദ്ധ, തീവ്രവാദ വിരുദ്ധ ദൗത്യങ്ങളില്‍ നേതൃത്വം വഹിച്ചിട്ടുണ്ട്. 2016 ല്‍ എക്‌സര്‍സൈസ് ഫോഴ്‌സ് 18 എന്ന സൈനിക അഭ്യാസത്തിനുള്ള ഇന്ത്യന്‍ സംഘത്തെ നയിച്ചതും സോഫിയ ഖുറേഷിയായിരുന്നു. ഇന്ത്യ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ വിദേശ സൈനിക അഭ്യാസമായിരുന്നു ഇത്.
കേണല്‍ മേഘ്ന ദവെ
വളരെ ചെറുപ്പത്തില്‍ മേഘ്നയ്ക്ക് സൈനിക ഉദ്യോഗസ്ഥനായ തന്റെ പിതാവിനെ നഷ്ടപ്പെട്ടു. എന്നാല്‍ പിതാവ് പകര്‍ന്നു നല്‍കിയ രാജ്യസ്‌നേഹം മേഘ്നയുടെ മനസില്‍ ഉണ്ടായിരുന്നു. കേണല്‍ മേഘ്ന ഡേവ് നിലവില്‍ ഇന്ത്യയുടെ ലോജിസ്റ്റിക്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ബറ്റാലിയനെ നയിക്കുന്നു. 23 വര്‍ഷത്തെ സേവനത്തിനിടയില്‍, രാജ്യത്തെ ഏറ്റവും കഠിനമായ ഭൂപ്രദേശങ്ങളില്‍ ഉള്‍പ്പെടെ കേണല്‍ മേഘ്ന സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സൈന്യത്തില്‍ ചേരാന്‍ നല്ല ശാരീരിക ക്ഷമത, മാനസിക ബലം എന്നിവയോടൊപ്പം സൈന്യം നമ്മില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്നത് ഉള്‍പ്പെടെ ഏറ്റവും പുതിയ അറിവുകള്‍ ഉണ്ടായിരിക്കണമെന്ന് മേഘ്‌ന പറയുന്നു. വനിതകള്‍ക്ക് കേണല്‍ മേഘ്ന നല്‍കുന്ന ഉപദേശം ഇങ്ങനെ: കഠിനാധ്വാനം ചെയ്യാന്‍ തയ്യാറായിരിക്കണം. സമര്‍പ്പണം, അച്ചടക്കം, കഠിനാധ്വാനം എന്നിവ ജീവിതത്തില്‍ ആഗ്രഹിച്ചത് നേടാന്‍ നിങ്ങളെ സഹായിക്കും.
കേണല്‍ പൊനുങ് ഡോമിങ്
അരുണാചല്‍ പ്രദേശില്‍ നിന്നുള്ള സൈനിക ഉദ്യോഗസ്ഥയാണ് പൊനുങ് ഡോമിങ്. വടക്കുകിഴക്കന്‍ ഇന്ത്യയില്‍ നിന്ന് ലെഫ്റ്റനന്റ് കേണല്‍ പദവിയില്‍ എത്തുന്ന ആദ്യ വനിതാ ഓഫീസറായി അവര്‍ ചരിത്രം സൃഷ്ടിച്ചു. സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും സ്ട്രക്ചറല്‍ എന്‍ജിനീയറിങ്ങില്‍ എംടെക് ബിരുദവും അവര്‍ നേടിയിട്ടുണ്ട്.
കേണല്‍ പൊനുങ് നിലവില്‍ ലഡാക്കില്‍ ബോര്‍ഡര്‍ റോഡ്സ് ടാസ്‌ക് ഫോഴ്സിന്റെ കമാന്‍ഡറാണ്. 15,000 അടി ഉയരത്തില്‍ വിന്യസിക്കപ്പെട്ടിട്ടുള്ള ടീമിനാണ് ഇവര്‍ നേതൃത്വം നല്‍കുന്നത്. -25 ഡിഗ്രി സെല്‍ഷ്യസ് താപനിലയെ അതിജീവിച്ചാണ് പൊനുങ് ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ സേവനം അനുഷ്ഠിക്കുന്നത്. രാഷ്ട്രപതിയില്‍ നിന്ന് സേനാ മെഡല്‍ നേടിയിട്ടുണ്ട്.
കേണല്‍ അന്‍ഷു ജാംവാള്‍
ജമ്മു കശ്മീരില്‍ നിന്നുള്ള സൈനിക ഉദ്യോഗസ്ഥയാണ് കേണല്‍ അന്‍ഷു ജാംവാള്‍. 2024-ല്‍ ഓപ്പറേഷന്‍ എയര്‍ ഡിഫന്‍സ് യൂണിറ്റിന്റെ കമാന്‍ഡറായി ചുമതലയേറ്റു. ഇന്ത്യന്‍ സൈന്യത്തില്‍ ഈ പദവിയിലെത്തുന്ന ആദ്യത്തെ വനിതാ ഓഫീസറായി ചരിത്രം കുറിച്ചു. യുഎന്‍ സമാധാന സേനയില്‍ സൈനിക നിരീക്ഷകയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2006 ല്‍ കോര്‍പ്സ് ഓഫ് ആര്‍മി എയര്‍ ഡിഫന്‍സില്‍ കമ്മീഷന്‍ ചെയ്യപ്പെട്ട കേണല്‍ ജാംവാള്‍, ഏകദേശം രണ്ട് പതിറ്റാണ്ട് നീണ്ടു നില്‍ക്കുന്ന തന്റെ കരിയറില്‍ ഓപ്പറേഷണല്‍, അഡ്മിനിസ്‌ട്രേറ്റീവ്, ഇന്‍സ്ട്രക്ഷണല്‍ പദവികള്‍ വഹിച്ചിട്ടുണ്ട്.
നിലവില്‍ പഞ്ചാബ് മേഖലയിലെ എയര്‍ ഡിഫന്‍സ് റെജിമെന്റിന്റെ കമാന്‍ഡറാണ്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തി സംരക്ഷിക്കുകയും ശത്രുക്കള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നത് തടയുകയും ചെയ്യുന്നു. ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്തും സുപ്രധാന പങ്ക് വഹിച്ചിരുന്നു.
ലെഫ്റ്റനന്റ് കേണല്‍ കൃതിക പാട്ടീല്‍
2011 മുതല്‍ ആര്‍മി സര്‍വീസ് കോര്‍പ്‌സിന്റെ ഭാഗമാണ് കൃതിക. കുതിര സവാരിയില്‍ മികവു തെളിയിച്ചിട്ടുള്ള ലെഫ്റ്റനന്റ് കേണല്‍ കൃതിക പാട്ടീല്‍ നിലവില്‍ മഹാരാഷ്ട്രയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ഇക്വിറ്റിഷന്‍ പരിശീലന ടീമിനെ നയിക്കുന്നു. ആര്‍മി, നേവി, എയര്‍ഫോഴ്‌സ് എന്നിവിടങ്ങളില്‍ നിന്നുള്ള കേഡറ്റുകള്‍ക്ക് പരിശീലനം നടത്തുന്നു.
നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ മെഡല്‍ നേടിയാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. 2018-ല്‍ ബെംഗളൂരുവില്‍ നടന്ന ദേശീയ കുതിരസവാരി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം ഉള്‍പ്പെടെ അശ്വാഭ്യാസ മത്സരങ്ങളില്‍ 32 മെഡലുകള്‍ നേടിയിട്ടുണ്ട്.
മേജര്‍ ദ്വിപന്നിത കലിത
ആസാമിലെ ഒരു ചെറിയ പട്ടണത്തില്‍ നിന്നാണ് മേജര്‍ ദ്വിപന്നിത കലിത സൈന്യത്തില്‍ ഉയര്‍ന്ന പദവിയില്‍ എത്തിയത്. തന്റെ ജില്ലയില്‍ വിദേശത്ത് പഠിക്കുന്ന ആദ്യ പെണ്‍കുട്ടിയായിരുന്നു ദ്വിപന്നിത കലിത.
എംബിബിഎസ് പഠിക്കാന്‍ ഫിലിപ്പീന്‍സിലേക്ക് പോയ അവര്‍ സൈന്യത്തില്‍ ചേരുന്നതിന് മുമ്പ് ഡല്‍ഹിയിലെ ഒരു ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തില്‍ ജോലി ചെയ്തു. വിവാഹിതയായ ശേഷമാണ് സൈനത്തില്‍ ചേരുന്നത്. പരമ്പരാഗത ധാരണകളെ അട്ടിമറിച്ചു കൊണ്ടായിരുന്നു ദ്വിപന്നിത കലിത നേട്ടങ്ങള്‍ സ്വന്തമാക്കിയത്.
ഇന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ എയര്‍ബോണ്‍ മെഡിക്കല്‍ യൂണിറ്റില്‍ ആര്‍മി മെഡിക്കല്‍ കോര്‍പ്‌സില്‍ അവര്‍ സേവനമനുഷ്ഠിക്കുന്നു. സൈനികരുടെ ജീവന്‍ രക്ഷിക്കുന്ന ദൗത്യത്തില്‍ ഏര്‍പ്പെടുന്നു. പരിക്കുകള്‍ക്ക് ചികിത്സ നല്‍കുന്നു. യുദ്ധ മേഖലകളിലും ദുരന്ത ബാധിത പ്രദേശങ്ങളിലും മേജര്‍ ദ്വിപന്നിത കലിതയെ വിന്യസിച്ചിട്ടുണ്ട്.