ജാമ്യം നേടിയ കന്യാസ്ത്രീകൾ ഡൽഹിയിലെ മഠത്തിൽ
ഛത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് മലയാളി കന്യാസ്ത്രീകളെ ജാമ്യം ലഭിച്ചതിന് പിന്നാലെ ഡൽഹിയിൽ എത്തിച്ചു. കനത്ത സുരക്ഷയിലാണ് ഇവരെ ഡൽഹിയിലെ രാജറായിലെ മഠത്തിൽ എത്തിച്ചത്. കന്യാസ്ത്രീകളുടെ ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇവിടെ നടക്കും. അതേസമയം ഇവർക്കെതിരായ കേസ് റദ്ദാക്കുന്നതിൽ കത്തോലിക്ക സഭയുടെ തീരുമാനം വിശദമായ കൂടിയാലോചനകൾക്ക് ശേഷമാകും.
ബജറങ് ദൽ നേതാവ് ജ്യോതി ശർമ അടക്കമുള്ള നേതാക്കൾക്കെതിരെ കന്യാസ്ത്രീകൾക്കൊപ്പം ഉണ്ടായിരുന്ന പെൺകുട്ടികൾ ഇന്ന് ഓൺലൈനായി ദുർഗ്ഗ പോലീസ് സ്റ്റേഷനിൽ പരാതി നൽകും. ഇന്നലെ നാരായൺപൂർ സ്റ്റേഷനിൽ നൽകിയ പരാതി സ്വീകരിച്ചിരുന്നില്ല. ഇന്നലെയാണ് മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത്. ബിലാസ് പൂർ പ്രത്യേക എൻഐഎ കോടതിയാണ് ശനിയാഴ്ച ജാമ്യം അനുവദിച്ചത്.
കന്യാസ്ത്രീകളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി എന്നിവർക്ക് പുറമേ മൂന്നാം പ്രതി സുഖ്മാൻ മാണ്ഡവിക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. ഇവർക്ക് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. മൂന്ന് പേരും 50,000 രൂപ വീതം ബോണ്ട് കെട്ടിവയ്ക്കുകയും പാസ്‌പോർട്ടുകൾ കോടതിയിൽ സമർപ്പിക്കുകയും വേണം. രാജ്യം വിടുന്നതിൽ നിന്നും എൻഐഎ കോടതി ഇവരെ വിലക്കിയിട്ടുണ്ട്.
പത്ത് ദിവസങ്ങൾക്ക് മുമ്പാണ് ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ വെച്ച് രണ്ട് കത്തോലിക്കാ കന്യാസ്ത്രീകളെ കസ്റ്റഡിയിലെടുത്തത്. ഒരു പ്രാദേശിക കോൺവെന്റിൽ ജോലിക്ക് വരുന്ന സ്ത്രീകളെ കൂട്ടിക്കൊണ്ടുവരാൻ എത്തിയതായി പറയപ്പെടുന്ന ഇരുവരെയും ഒരു ബജ്രംഗ്ദൾ പ്രവർത്തകന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നാമത്തെ ആളോടൊപ്പം അറസ്റ്റ് ചെയ്തു. നാരായൺപൂരിൽ നിന്നുള്ള മൂന്ന് പെൺകുട്ടികളെ നിർബന്ധിതമായി മതപരിവർത്തനം നടത്തുകയും കടത്തുകയും ചെയ്യുന്നുവെന്ന് പരാതിയിൽ ആരോപിച്ചിരുന്നു.