വരുന്നു……. വാർഷിക ഫാസ്റ്റ് ടാഗ് പാസുകൾ
ന്യൂഡൽഹി : ഉപരിതല ഗതാഗത മേഖലയിൽ വമ്പൻ പരീക്ഷണങ്ങളിൽ ഏറ്റവും പ്രായോഗികമായ ഫാസ്റ്റ് ടാഗ് ഇനിമുതൽ വാർഷിക ടോൾ പാസായി പരിവർത്തിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 മുതൽ ഈ പുതിയ പ്രഖ്യാപനങ്ങൾ പ്രാബല്യത്തിൽ വരും . രാജ്യത്തിനകത്ത് സ്ഥിരം യാത്രക്കാർക്ക് ഇത് വൻ നേട്ടം ആകാം ഉണ്ടാക്കുക. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയാണ് ഈ ആശയം മുന്നോട്ട് വെച്ചത് .
സ്വകാര്യ വാഹന ഉടമകൾക്ക് എല്ലാ ദേശീയപാതകളിലും എക്സ്പ്രസ് വേ കളിലും ഈ പാസുകൾ ഉപയോഗിക്കാൻ കഴിയും . ഒരു വർഷം 200 ടോൾഫ്രീ യാത്രകളാണ് പാസുകൾ വഴി സാധ്യമാകുന്നത്. ഒരു പാസിന് 3000 രൂപയാണ് നിരക്ക് . ഫാസ്റ്റ് ടാഗ് പാസുകൾ ഒരു ഓപ്ഷണൽ സ്കീം ആയാണ് അവതരിപ്പിക്കുന്നത്. അതുകൊണ്ട് പണം നൽകിയും നിലവിലെ ഫാസ്റ്റ് ടാഗ് ഉപയോഗിക്കാൻ ആവശ്യക്കാർക്ക് സാധിക്കും. പതിവ് യാത്രക്കാർക്ക് പ്രതിവർഷം 7000 രൂപ വരെ ഇതുമൂലം ലാഭിക്കാൻ കഴിയുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കുന്നു.
വാർഷിക പാസ് ഉപയോഗിച്ചുള്ള ട്രോൾ ക്രോസിംഗിന്റെ ശരാശരി ചെലവ് വെറും 15 രൂപ മാത്രമായിരിക്കുമെന്ന് വിദഗ്ധരും അഭിപ്രായപ്പെടുന്നു. അതേസമയം സാധാരണ ഫാസ്റ്റ് ടാഗ് ഉപയോഗിച്ചാൽ ഒരു യാത്രയ്ക്ക് ശരാശരി 50 രൂപ ചെലവാകും . ഉയർന്ന ശരാശരി ടോളുകൾ ഉള്ള ദീർഘദൂര റൂട്ടുകളിൽ യാത്ര ചെയ്യുന്നവർക്കായിരിക്കും കൂടുതൽ നേട്ടം ഉണ്ടാവുക .
ഫാസ്റ്റ് ടാഗുകൾ കൂടെക്കൂടെ റീചാർജ് ചെയ്യേണ്ട സാഹചര്യം പാസ്മൂലം ഇല്ലാതാകും. പലപ്പോഴും ടോൾ ബൂത്തുകളിൽ എത്തുമ്പോൾ മാത്രമായിരിക്കും പലരും അക്കൗണ്ടിൽ ബാലൻസ് ഇല്ല എന്ന് മനസ്സിലാക്കുന്നത് . ഫാസ്റ്റ് ടാഗ് പാസുകൾ ടോൾ പ്ലാസകളിലെ തിരക്ക് വീണ്ടും കുറയ്ക്കും. സുഗമമായ യാത്ര ഉറപ്പാക്കാം. ക്യാഷ് ലെസ്സ് ,സ്ട്രീം ലൈൻഡ് ടോൾ സംവിധാനം കൂടുതൽ ശക്തമാകും. ഇത് ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനത്തിന് ആക്കം കൂട്ടും. ഉപയോക്താക്കൾക്ക് അവരുടെ പാസ് ഉപയോഗത്തെക്കുറിച്ച് തൽസമയ എസ്എംഎസുകൾ ലഭിക്കും. ഇത് ഈ സംവിധാനത്തിന്റെ സ്വീകാര്യതയും സുതാര്യതയും വർദ്ധിപ്പിക്കുന്നു.
സ്വകാര്യ ,വാണിജ്യേതരകാറുകൾ,ജീപ്പുകൾ വാനുകൾ എന്നിവയ്ക്ക് മാത്രമാകും പാസുകൾ ലഭിക്കുക. വലിയ വാഹനങ്ങൾ, വാണിജ്യ വാഹനങ്ങൾ എന്നിവയ്ക്ക് പാസ് ബാധകമല്ല . ഇത്തരം വാഹനങ്ങൾ വ്യാജ പാസുകൾ ഉപയോഗിക്കാൻ ശ്രമിച്ചാൽ ആ പാസുകൾ ഉടൻ ഉപയോഗശൂന്യമാക്കപ്പെടും.
ഉപയോക്താക്കൾക്ക് അവരുടെ നിലവിലെ ഫാസ്റ്റ് ടാഗുകളിൽ തന്നെ പാസ് സജീവമാക്കാനും ആകും . പാസ് ആക്ടിവേഷൻ തീയതി മുതൽ ഒരു വർഷത്തേക്ക് അല്ലെങ്കിൽ 200 യാത്രകൾ വരെയാകും സാധുതയും കാലാവധിയും. ഒരു വർഷത്തിനുള്ളിൽ തന്നെ 200 യാത്രകൾ എത്തിയാൽ ഫസ്റ്റ് ടാഗ് സ്വയമേ അതിന്റെ പതിവ് മോഡിലേക്ക് മാറും . ആനുകൂല്യങ്ങൾ തുടരാൻ വീണ്ടും 3000 രൂപയ്ക്ക് ചാർജ് ചെയ്യേണ്ടിയും വരും . സംസ്ഥാന ഹൈവേകളിലോ സ്വകാര്യ റോഡുകളിലോ സംസ്ഥാന സർക്കാരുകളുടെയോ,തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ നിയന്ത്രണത്തിൽ ഉള്ള എക്സ്പ്രസ്സ് വേ കളിൽ ഈ പാസുകൾ ഉപയോഗിക്കാനാവില്ല. ഇവിടങ്ങളിൽ പാസുള്ള ഫാസ്റ്റ് ടാഗുകൾ ഒരു സാധാരണ ഫസ്റ്റ് ടാഗ് ആയി മാത്രമാകും പ്രവർത്തിക്കുക .