20 കിലോ സ്വർണ്ണം ഒലിച്ചു പോയി; ചെളിയിൽ തിരഞ്ഞ് നാട്ടുകാരും വീട്ടുകാരും
ചൈനയിലെ ഷാൻസി പ്രവിശ്യയിലെ വുഖി കൗണ്ടിയിൽ ജൂലൈ 25-ന് രാവിലെ ഉണ്ടായ അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍ പ്രദേശത്തെ ജ്വല്ലറിയില്‍ നിന്നും ഏകദേശം 20 കിലോഗ്രാം സ്വർണവും വെള്ളിയും അടങ്ങിയ ആഭരണങ്ങളാണ് ഒലിച്ചു പോയത്. ഇതോടെ കടയിലെ ജോലിക്കാർക്ക് പുറമെ നാട്ടുകാരും നഷ്ടപ്പെട്ട ആഭരണങ്ങള്‍ തേടി മുന്നിട്ട് ഇറങ്ങുകയും ചെയ്തു.
‘ദി സ്റ്റാൻഡേർഡ്’ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ലാവോഫെങ്‌സിയാങ് എന്ന സ്വർണക്കടയിൽ രാവിലെ ജീവനക്കാർ കട തുറക്കാൻ എത്തിയ സമയത്താണ് അപ്രതീക്ഷിതമായി ശക്തമായ വെള്ളപ്പൊക്കം ഉണ്ടായത്. കടയുടെ ഉടമ പറഞ്ഞതനുസരിച്ച്, രാത്രി കാവൽ നിന്ന ജീവനക്കാർ ആഭരണങ്ങൾ സുരക്ഷിതമായ സെയ്ഫുകളിലേക്ക് മാറ്റിയിരുന്നില്ല. വെള്ളപ്പൊക്ക മുന്നറിയിപ്പ് ലഭിച്ചപ്പോഴും എല്ലാ ആഭരണങ്ങളും പ്രദർശനത്തിനായി വെച്ച നിലയില്‍ തന്നെയായിരുന്നു.
കട തുറന്ന് കുറച്ച് നിമിഷങ്ങള്‍ക്കകം, കടയുടെ മുൻവാതിലിലൂടെ വെള്ളം അരിച്ചെത്തി ഒരു മീറ്ററിലധികം ഉയരത്തിൽ നിറഞ്ഞു. ശക്തമായ ഒഴുക്കില്‍ ആഭരണങ്ങൾ നിറച്ചു വെച്ച ട്രേകള്‍ ഉള്‍പ്പെടെ ഒലിച്ച് പോകുകയായിരുന്നു. നഷ്ടപ്പെട്ടവയിൽ സ്വർണ നെക്ലേസുകൾ, വളകൾ, മോതിരങ്ങൾ, കമ്മലുകൾ, പെൻഡന്റുകൾ, ഡയമണ്ട് മോതിരങ്ങൾ, ജേഡ് ആഭരണങ്ങൾ, വെള്ളി ആഭരണങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു. കൂടാതെ, പുതിയ മോഡലുകള്‍, റീസൈക്കിൾ ചെയ്ത സ്വർണം, വൻതുകയുടെ പണം എന്നിവ അടങ്ങിയ കടയുടെ സെയ്ഫും കാണാതായി.
നിലവിലെ വിപണി വിലയനുസരിച്ച്, ഒലിച്ചുപോയ ആഭരണങ്ങളുടെ മൊത്തം മൂല്യം 10 മില്യൺ യുവാൻ (ഏകദേശം 12 കോടി രൂപ) കവിയുമെന്നാണ് കണക്കാക്കപ്പെടുന്നത്. കുടുംബവും കടയിലെ ജീവനക്കാരും വെള്ളപ്പൊക്കത്തിന് ശേഷം രണ്ട് ദിവസം പ്രദേശത്ത് തിരച്ചിൽ നടത്തിയെന്ന് കടയുടമയുടെ മകൻ ഷിയാവോയെ ‘ദി സ്റ്റാൻഡേർഡിനോട്’ വ്യക്തമാക്കി. ഇതുവരെ ഏകദേശം ഒരു കിലോഗ്രാം ആഭരണങ്ങൾ മാത്രമാണ് വീണ്ടെടുക്കാനായത്. ചില നാട്ടുകാർ സ്വമേധയാ കണ്ടെത്തിയ ആഭരണങ്ങൾ തിരികെ നൽകിയിട്ടുണ്ട്.
വെള്ളപ്പൊക്ക സമയത്തെ വൈദ്യുതി തടസ്സം മൂലം കടയിലെ സിസിടിവി സംവിധാനം പ്രവർത്തന രഹിതമായിരുന്നു. ഇതിനാൽ, ആഭരണങ്ങൾ എങ്ങനെ ഒലിച്ചുപോയി അല്ലെങ്കിൽ ആർക്കെങ്കിലും ലഭിച്ചോ എന്ന് കണ്ടെത്തുന്നതും ബുദ്ധിമുട്ടാണ്. സംഭവം പുറത്തറിഞ്ഞതോടെ, നഷ്ടപ്പെട്ട ആഭരണങ്ങൾ കണ്ടെത്തി സ്വന്തമാക്കാനായി നിരവധി നാട്ടുകാർ പ്രദേശത്തേക്ക് ഒഴുകിയെത്തിയിട്ടുണ്ട്. ഓൺലൈനിൽ പ്രചരിച്ച ചിത്രങ്ങളിലും വീഡിയോകളിലും ആളുകൾ ചെളിയിൽ തപ്പിത്തടഞ്ഞ് തിരയുന്നത് കാണാം. ചിലർ മെറ്റൽ ഡിറ്റക്ടറുകൾ ഉപയോഗിച്ച് സൂക്ഷ്മമായ തിരച്ചിൽ നടത്തുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ചില നാട്ടുകാർ മറ്റുള്ളവർ ആഭരണങ്ങൾ എടുക്കുന്നത് കണ്ടതായി പറഞ്ഞു, പക്ഷേ പലരും അവ തിരികെ നൽകിയിട്ടില്ല,” കടയുടമ ഷിയാവോയെ പറഞ്ഞു. കണ്ടെത്തിയ ആഭരണങ്ങൾ കടയിലേക്ക് തിരികെ നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിക്കുന്നു. തിരികെ നൽകുന്നവർക്ക് ആഭരണങ്ങളുടെ മൂല്യത്തിന് ആനുപാതികമായ സമ്മാനം നൽകുമെന്നും ഉടമ പ്രഖ്യാപിച്ചു.
നഷ്ടപ്പെട്ട ആഭരണങ്ങൾ ബോധപൂർവം സൂക്ഷിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഷിയാവോയെ മുന്നറിയിപ്പ് നൽകി. ഇത് സംബന്ധിച്ച് അദ്ദേഹം പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. മാർക്കറ്റ് സൂപ്പർവിഷൻ ബ്യൂറോ, പബ്ലിക് സെക്യൂരിറ്റി ബ്യൂറോ തുടങ്ങിയ പ്രാദേശിക അധികൃതർ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.