ഇസ്രയേൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; എയ്ലത്ത് തുറമുഖം അടച്ചുപൂട്ടി
ടെല്‍ അവീവ്: ഇസ്രായേല്‍ വലിയ പ്രതിസന്ധി നേരിടുന്നു എന്ന് റിപ്പോര്‍ട്ട്. കടംകയറി എയ്‌ലാത്ത് തുറമുഖം അടച്ചുപൂട്ടി. വരുമാനം കുറയുകയും നികുതി അടയ്ക്കാന്‍ സാധിക്കാതെ വരികയും ചെയ്തതാണ് തുറമുഖം പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കാരണമത്രെ. യമനിലെ ഹൂത്തി സൈന്യത്തിന്റെ ആക്രമണമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണം എന്നാണ് ഹൂത്തികളുടെ ആവശ്യം. അതുവരെ ഇസ്രായേലിലേക്ക് പോകുന്ന കപ്പലുകള്‍ ചെങ്കടലില്‍ തടയുമെന്ന് അവര്‍ ഭീഷണിപ്പെടുത്തുന്നു. മാത്രമല്ല, ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇടയ്ക്കിടെ മിസൈല്‍ ആക്രമണവും ഹൂത്തികള്‍ നടത്തുന്നുണ്ട്. ഇതുകാരണം എയ്‌ലാത്ത് തുറമുഖത്തേക്ക് ചരക്കുകള്‍ എത്താതായി.
ഞായറാഴ്ച മുതല്‍ എയ്‌ലാത്ത് തുറമുഖം പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുമെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നികുതി അടയ്ക്കാത്തതിനെ തുടര്‍ന്ന് തുറമുഖത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ എയ്‌ലാത്ത് മുന്‍സിപ്പാലിറ്റി മരവിപ്പിച്ചിരുന്നു. മൂന്ന് ദശലക്ഷം ഡോളര്‍ ആണ് നികുതിയായി അടയ്ക്കാനുള്ളത്. വരുമാനം ലഭിക്കാതെ വന്നതോടെയാണ് നികുതി കൃത്യമായി അടയ്ക്കാന്‍ തടസം നേരിട്ടത്.
ചെങ്കടലിനോട് ചേര്‍ന്ന ഇസ്രായേലിലെ ഏക തുറമുഖമാണ് എയ്‌ലാത്ത്. ഇതുവഴിയാണ് ഇസ്രായേലിലേക്ക് വാഹനങ്ങളും ക്രൂഡ് ഓയിലും എത്തിച്ചിരുന്നത്. ഇവിടേക്ക് തുടര്‍ച്ചയായി ഹൂത്തികള്‍ ആക്രമണം നടത്തിയതോടെ കപ്പലുകള്‍ വരാതായി. 2023ല്‍ 63 ദശലക്ഷം ഡോളര്‍ ആയിരുന്നു വരുമാനം. കഴിഞ്ഞ വര്‍ഷം 12.5 ദശലക്ഷം ഡോളറായി താഴ്ന്നു. ഈ വര്‍ഷം വീണ്ടും കുറഞ്ഞു.
80 ശതമാനം വരുമാനത്തില്‍ ഇടിവ് വന്നതോടെ എയ്‌ലാത്ത് തുറമുഖത്തിലെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുകയായിരുന്നു എന്ന് ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, എയ്‌ലാത്ത് അടയ്ക്കുമ്പോള്‍ ഇസ്രായേലിനെ മറ്റു രണ്ട് തുറമുഖങ്ങള്‍ നേട്ടം കൊയ്യുമെന്നാണ് വിലയിരുത്തല്‍. ഹൈഫ, അഷുദോദ് തുറമുഖങ്ങളിലേക്കാണ് എയ്‌ലാത്തിലേക്ക് എത്തിയിരുന്ന ചരക്കുകള്‍ വഴിമാറ്റുന്നത്. ഇത് ചെലവേറിയ വഴിയാണ്.
മെഡിറ്ററേനിയന്‍ കടല്‍ തീരത്തോട് ചേര്‍ന്നാണ് ഹൈഫ, അഷുദോദ് തുറമുഖങ്ങള്‍. ഇവിടേക്ക് ചരക്ക് എത്തിക്കുന്നത് എയ്‌ലാത്തുമായി താരതമ്യം ചെയ്യുമ്പോള്‍ ചെലവേറിയതാണ്. ഹൈഫ തുറമുഖം അദാനി ഗ്രൂപ്പിന്റേതാണ്. 2023ലാണ് ഇവര്‍ തുറമുഖത്തിന്റെ ഓഹരി വാങ്ങി ഏറ്റെടുത്തത്. എയ്‌ലാത്ത് അടയ്ക്കുമ്പോള്‍ ഹൈഫയ്ക്ക് നേട്ടമാകുമെങ്കിലും ഹൈഫ ലക്ഷ്യമാക്കിയും ഹൂത്തികള്‍ ആക്രമണം നടത്തുന്നു എന്നത് ആശങ്കയുണ്ടാക്കുന്നതാണ്.