പഹൽഗാം: മുഖ്യസൂത്രധാരനെയും മറ്റ് രണ്ട് കൂട്ടാളികളെയും ഇന്ത്യൻ സൈന്യം വധിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിൽ 26 പേരെ ക്രൂരമായി കൊലപ്പെടുത്തിയ പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ ഏറ്റുമുട്ടലിൽ വധിച്ച് ഇന്ത്യൻ സൈന്യം. രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ സുലെമാൻ ഷായാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ശ്രീനഗറിന് സമീപം നടന്ന ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് NDTV റിപ്പോർട്ട് ചെയ്യുന്നു.
ഓപ്പറേഷൻ മഹാദേവ് എന്ന് പേരിട്ടിരിക്കുന്ന ഇന്നത്തെ ദൗത്യത്തിൽ അബു ഹംസ, യാസിർ എന്നീ രണ്ട് ഭീകരരെയും വധിച്ചു. കരസേന, സിആർപിഎഫ്, ജമ്മു കശ്‌മീർ പോലീസ് എന്നീ വിഭാഗങ്ങളിലെ സുരക്ഷാ സേനയും സംയുക്ത ഓപ്പറേഷനിൽ പങ്കെടുത്തു. പാകിസ്ഥാൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച സുലൈമാൻ ഹാഷിം മൂസ എന്നും അറിയപ്പെട്ടിരുന്നു.
പഹൽഗാമിലെ ബൈസരൻ താഴ്‌വരയിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം, സുലൈമാനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ജമ്മു കശ്‌മീർ പോലീസ് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ സുരക്ഷാ സേന വധിച്ചത്. ഇന്ത്യൻ ആർമിയുടെ ട്വിറ്റർ പേജിൽ ഉൾപ്പെടെ ഏറ്റുമുട്ടലിന്റെ വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്.
ഇന്ത്യൻ സൈന്യത്തിന്റെ ചിനാർ കോർപ്‌സിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് വഴി നേരത്തെ സുരക്ഷാ സേന ലിഡ്വാസിൽ ഓപ്പറേഷൻ മഹാദേവ് ആരംഭിച്ചതായി അറിയിച്ചിരുന്നു. ‘തീവ്രമായ വെടിവയ്പ്പിൽ മൂന്ന് തീവ്രവാദികളെ വധിച്ചു. ഓപ്പറേഷൻ തുടരുന്നു’ എന്നാണ് സൈന്യം ഒരു അപ്‌ഡേറ്റിൽ പറഞ്ഞത്. മേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
കൊല്ലപ്പെട്ട ഭീകരരെല്ലാം ഉയർന്ന പദവി വഹിക്കുന്നവരും വിദേശ പൗരന്മാരുമാണെന്ന് ഏറെക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്. രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന ഹർവാനിലെ മുൾനാർ പ്രദേശത്ത് ഓപ്പറേഷൻ ആരംഭിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു. പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്, കൂടാതെ ഒരു കോമ്പിംഗ് അഭ്യാസവും നടക്കുന്നുണ്ട്.