മുന്നണി മാറ്റം: നിഷേധിച്ച് മാത്യു ടി.തോമസ്
തിരുവനന്തപുരം: താന്‍ ജെ ഡി എസ് വിട്ട് മുന്നണി മാറ്റത്തിന് ഒരുങ്ങുന്നുവെന്ന വാർത്തകള്‍ നിഷേധിച്ച് തിരുവല്ല എം എല്‍ എ മാത്യൂ ടി തോമസ്. രാഷ്ട്രീയ മലക്കം മറിച്ചിലിന് ഒരുങ്ങുന്നു എന്നൊരു വ്യാജ വാർത്ത ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നതായി കണ്ടെന്നും അതില്‍ യാതൊരു അടിസ്ഥാനവും ഇല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.
ബി ജെ പി വിരുദ്ധ, കോൺഗ്രസ്സ് ഇതര നിലപാടാണ് എന്റേത്. അവരിരുവരും ജനവിരുദ്ധ നയങ്ങൾ ഒരു പോലെ നടപ്പാക്കുന്നവരാണ്. പല തവണ പൊതു തെരെഞ്ഞെടുപ്പുകളിൽ മത്സരിച്ച എനിക്ക് വേണ്ടി അത്യദ്ധ്വാനം ചെയ്തവരെ വഞ്ചിക്കില്ല എന്ന ധാർമികത മാത്രമല്ല,എന്റെ രാഷ്ട്രീയ ബോധം ഈ നിലപാടിൽ തുടരുവാനാണ് എന്നോട് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കുറിക്കുന്നു.
ഞാൻ രാഷ്ട്രീയ മലക്കം മറിച്ചിലിന് ഒരുങ്ങുന്നു എന്നൊരു വ്യാജ വാർത്ത ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നതായി കണ്ടു. എന്നെ അറിയുന്നവർ അത് വിശ്വസിക്കില്ല എന്നെനിക്കുറപ്പുണ്ട്. എന്നാൽ ആ വ്യാജത്തെ പ്രചരിപ്പിക്കുന്നതിനായി ചിലർ കണ്ടമാനം ബുദ്ധിമുട്ടുന്നത് കണ്ടതു കൊണ്ട് മാത്രം ഈ കുറിപ്പ്.
ബി ജെ പി വിരുദ്ധ, കോൺഗ്രസ്സ് ഇതര നിലപാടാണ് എന്റേത്. അവരിരുവരും ജനവിരുദ്ധ നയങ്ങൾ ഒരു പോലെ നടപ്പാക്കുന്നവരാണ്. കോൺഗ്രസ്സ് ഉത്ഘാടനം ചെയ്ത നയവ്യതിയാനം ബി ജെ പി കൂടുതൽ തീവ്രമായി നടപ്പാക്കുന്നു. ഒപ്പം വർഗീയതയും വളരുന്നു, വളർത്തുന്നു. എന്റെ പാർട്ടിയുടെ ദേശീയ പ്ലീനറി സമ്മേളനം അവസാനം നടന്നപ്പോൾ ഈ നിലപാടിനെ അടിസ്ഥാനപ്പെടുത്തി രാഷ്ട്രീയ പ്രമേയം ഞാനാണ് അവതരിപ്പിച്ചത്.
അതിൽ തന്നെ ഉറച്ചു നിൽക്കുന്നത് കൊണ്ടാണ് പാർട്ടിയുടെ അഖിലേന്ത്യ നേതൃത്വം വ്യത്യസ്തമായ നിലപാട് സ്വീകരിച്ചപ്പോൾ, അതിനോട് യോജിക്കുന്നില്ല എന്ന പരസ്യ നിലപാട് കൂട്ടായി എടുത്തു ബദൽ സംഘടനാ സംവിധാനത്തിനുള്ള നിയമപരമായ നടപടികൾ നടത്തുന്നത്.
2009ൽ, അന്ന് പാർട്ടി പ്രസിഡന്റ് ആയിരുന്ന ശ്രീ. എം. പി. വീരേന്ദ്രകുമാർ കോൺഗ്രസിനോടൊപ്പം ചേർന്നപ്പോഴും ഞങ്ങൾ കുറച്ചു പേർ കൂടെ കൂടിയില്ല എന്നത് കൂടി ഓർക്കുമല്ലോ. പല തവണ പൊതു തെരെഞ്ഞെടുപ്പുകളിൽ മത്സരിച്ച എനിക്ക് വേണ്ടി അത്യദ്ധ്വാനം ചെയ്തവരെ വഞ്ചിക്കില്ല എന്ന ധാർമികത മാത്രമല്ല,എന്റെ രാഷ്ട്രീയ ബോധം ഈ നിലപാടിൽ തുടരുവാനാണ് എന്നോട് ആവശ്യപ്പെടുന്നത്. വികൃതമായ പ്രചാരണങ്ങൾ ഒഴിവാക്കിയാലും…..