‘അമ്മ’ യിൽ വനിത സാരഥിക്ക് സാധ്യത
താര സംഘടനയായ അമ്മയുടെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്ന ജഗദീഷിന്റെ പുതിയ നീക്കങ്ങളാണ് വനിതാ പ്രസിഡന്റിനുള്ള സാധ്യത വര്‍ധിക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിതയെ പരിഗണിച്ചാല്‍ മത്സരത്തില്‍ നിന്ന് പിന്മാറാം എന്ന് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ജഗദീഷ് അറിയിച്ചതാണ് സൂചന. ഇവരുടെ രണ്ട് പേരുടെയും പിന്തുണ ലഭിച്ചാല്‍ ജഗദീഷ് പത്രിക പിന്‍വലിച്ചേക്കും. നിലവില്‍ മോഹന്‍ലാല്‍ ജപ്പാനിലും മമ്മൂട്ടി ചെന്നൈയിലും ആണുള്ളത്.
അമ്മയെ വനിതാ പ്രസിഡന്റ് നയിക്കട്ടെ എന്ന നിലപാട് ജഗദീഷിനുണ്ട്. സുരേഷ് ഗോപിയുമായും ഇക്കാര്യം സംസാരിച്ചതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയിലാണ് സുരേഷ് ഗോപിയുള്ളത്. ഇന്നോ നാളെയോ ഇക്കാര്യത്തില്‍ ഒരു അന്തിമ തീരുമാനമുണ്ടാകും.അമ്മയുടെ തലപ്പത്തേക്ക് വനിതകള്‍ എത്തണമെന്ന അഭിപ്രായം താരസംഘടനയില്‍ ശക്തമായി ഉയരുന്നുണ്ട്. ഗണേഷ് കുമാര്‍ അടക്കമുള്ളവര്‍ അമ്മയുടെ നേതൃത്വത്തിലേക്ക് വനിതകള്‍ എത്തണമെന്ന് അഭിപ്രായം പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്.
വനിതാ പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ടാല്‍ അത് താരസംഘടന കേള്‍ക്കുന്ന അപവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഉചിതമായ മറുപടിയായിരിക്കും എന്ന വിലയിരുത്തല്‍ പൊതുവേയുണ്ട്. ഒരു ജനാധിപത്യ സംഘടനയല്ല അമ്മയെന്നും പുരുഷ കേന്ദ്രീകൃതം ആണെന്നുമുള്ള പേരുദോഷം മാറ്റാനും ഇതിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നവരുണ്ട്.
ജഗദീഷ് ഉള്‍പ്പെടെ ആറു പേരാണ് അമ്മയുടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ശ്വേതാ മേനോന്‍, രവീന്ദ്രന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, ദേവന്‍ എന്നിവരാണ് മറ്റുള്ളവര്‍. ജഗദീഷ് പിന്മാറുന്നത് ശ്വേതാ മേനോനുള്ള സാധ്യത വര്‍ധിപ്പിക്കും. ഇതില്‍ രവീന്ദ്രനും പിന്മാറി.
താരങ്ങള്‍ക്കിടയില്‍ ബാക്കിയുള്ളവരേക്കാള്‍ പിന്തുണ ശ്വേതാ മേനോനുണ്ട്. മോഹന്‍ലാലുമായും മമ്മൂട്ടിയുമായും ദീര്‍ഘകാലമായുള്ള വ്യക്തിബന്ധവും ശ്വേതാ മേനോനുണ്ട്. ശ്വേതാ മേനോന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ അത് അമ്മയുടെ പ്രസിഡന്റ് പദവിയില്‍ എത്തുന്ന ആദ്യ വനിതയായിരിക്കും.
ബാബുരാജ്, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍, ജയന്‍ ചേര്‍ത്തല, കുക്കു പരമേശ്വരന്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ഒരാള്‍ക്ക് ഒരു സ്ഥാനത്തേക്ക് മാത്രമേ മത്സരിക്കാന്‍ സാധിക്കൂ. ഒന്നിലേറെ സ്ഥാനങ്ങളിലേക്ക് പത്രിക നല്‍കിയവര്‍ 31ന് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക വരുന്നതിനു മുമ്പായി രണ്ടിലൊരു സ്ഥാനത്തേക്ക് നല്‍കിയ പത്രിക പിന്‍വലിക്കണം.