ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസ്: എല്ലാ പ്രതികളെയും വെറുതെ വിട്ടു
തിരുവനന്തപുരം : ഫോർട്ട് പോലീസ് സ്റ്റേഷനിൽ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിൽ പോലീസുകാരായ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. ഹൈക്കോടതി ഉത്തരവ് കേട്ട് പൊട്ടിക്കരഞ്ഞ് ഉദയകുമാറിന്റെ അമ്മ, പ്രഭാവതിയമ്മ.
ഒരു കോടതിക്കും ഹൃദയമില്ലെന്നും ഇത്രയും ചെയ്തിട്ട് അവർ കുറ്റക്കാർ അല്ലെന്ന് പറയുന്നതിൽ കള്ളക്കളി ഉണ്ടെന്നും പ്രഭാവതിയമ്മ മാധ്യമങ്ങളോട് പറഞ്ഞു.
“കോടതിക്ക് കണ്ണു കണ്ടുടേ, അവന്റെ തുടയിൽ 22 മുറിവുകൾ ഉണ്ടായിരുന്നു. ഉള്ളംകാൽ കണ്ടാൽ അപ്പോഴേ ബോധം കെട്ടു വീഴുമായിരുന്നു. അപ്പോളാ കോടതി പറയുന്നത് അവർ കു കുറ്റക്കാർ അല്ലെന്ന് . അത് ശരി’ അപ്പോൾ ആർക്കും എന്തും ചെയ്യാം അല്ലേ . ഇപ്പോൾ ആർക്കും ഹൃദയമില്ലെന്നാണ് തോന്നുന്നത്. ഹൈക്കോടതിക്കും ഹൃദയമില്ല. ഒരു കോടതിക്കും ഹൃദയമില്ല . ഹൃദയം ഉണ്ടായിരുന്നെങ്കിൽ എന്നോട് ഇത് കാണിക്കില്ലായിരുന്നു”പ്രഭാവതിയമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു.
ഇത്രയും ചെയ്തിട്ട് അവർ കുറ്റക്കാരല്ല, എന്ന് പറയുന്നതിൽ കള്ളക്കളി ഉണ്ട് . ആരെയാണ് സംശയം എന്ന് പറയാൻ പറ്റില്ല. പ്രതികൾക്ക് ശിക്ഷ കിട്ടണമെന്നാണ് തന്റെ ആവശ്യമെന്നും പ്രഭാവതി അമ്മ പറഞ്ഞു. രാഷ്ട്രീയ കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കേസിൽ എല്ലാ പ്രതികളെയും കോടതി വെറുതെ വിടുകയായിരുന്നു. അന്വേഷണത്തിൽ സിബിഐക്ക് വീഴ്ച പറ്റിയെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ രാജാവിജയ രാഘവൻ , കെ വി ജയകുമാർ എന്നിവരടങ്ങിയ ബെഞ്ച് പ്രതികളെ വെറുതെ വിട്ടത് .
കേസിൽ ഒന്നാം പ്രതിക്ക് സിബിഐ കോടതി വധശിക്ഷ വിധിച്ചിരുന്നു . ഈ വിധി ഉൾപ്പെടെ റദ്ദാക്കി കൊണ്ടാണ് ഇപ്പോൾ ഹൈക്കോടതി മുഴുവൻ പ്രതികളെയും വെറുതെ വിട്ടിരിക്കുന്നത്. 2018 – ലാണ് സിബിഐ കോടതി രണ്ട് പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. രണ്ടാംപ്രതി നേരത്തെ മരിച്ചു . ശേഷിച്ച അഞ്ചു പ്രതികളെയാണ് കോടതി വെറുതെ വിട്ടത് . മോഷണക്കുറ്റം ചുമത്തി 25 സെപ്റ്റംബർ 27ന് ഉദയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്ന് അന്നത്തെ ഫോർട്ട് സി ഐ ആയിരുന്ന ഈ കെ സാബുവിന്റെ പ്രത്യേക സ്ക്വാഡിലുള്ള പോലീസുകാരാണ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത് . ആക്രിക്കടയിൽ ജോലിക്കാരൻ ആയിരുന്നു ഉദയകുമാർ . ഉച്ചയ്ക്ക് കസ്റ്റഡിയിലെടുത്ത ഉദയകുമാർ ക്രൂരമായ മർദ്ദനങ്ങൾക്കിരയായി രാത്രി എട്ടുമണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഉരുട്ടിക്കൊല എന്ന് പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരണം ഉണ്ടായി. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് അന്വേഷണം 2008 -ലാണ് സിബിഐ ഏറ്റെടുക്കുന്നത്. 13 വർഷത്തെ നിയമ പോരാട്ടങ്ങൾക്ക് ഒടുവിൽ 2018ലാണ് പോലീസുകാരെ ശിക്ഷിച്ചുകൊണ്ടുള്ള സിബിഐ കോടതി ഉത്തരവ് വരുന്നത് . ശിക്ഷിക്കപ്പെട്ട പ്രതികളുടെ അപ്പീലിന്മേലാണ് ഇന്ന് ഹൈക്കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്.