ലുലു മാൾ: ഭൂമി തരം തിരിവ് ഹൈക്കോടതി റദ്ദാക്കി; പരാതിയിൽ ഉറച്ച് ടി.എൻ. മുകുന്ദൻ
തൃശൂര്‍: തൃശൂരിലെ ലുലു മാള്‍ നിര്‍മാണം വിവാദത്തിലായതിനിടെ സുപ്രധാന ഇടപെടലുമായി ഹൈക്കോടതി. ലുലുമാള്‍ പദ്ധതിയില്‍ ഭൂമി തരംമാറ്റിയ ആര്‍ഡിഒയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഭൂമി തരം മാറ്റാനുള്ള ലുലു ഗ്രൂപ്പിന്റെ അപേക്ഷ വീണ്ടും പരിഗണിക്കണം എന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച വിഷയത്തില്‍ നാല് മാസത്തിനകം ആര് ഡി ഒ തീരുമാനമെടുക്കണം എന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്.
കൃഷി ഓഫീസറുടെ റിപ്പോര്‍ട്ട് പരിഗണിക്കണം എന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ദിവസങ്ങള്‍ക്ക് മുമ്പ് തൃശൂര്‍ ലുലു മാള്‍ വൈകുന്നത് സംബന്ധിച്ച് എംഎ യൂസഫലി പ്രതികരണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തൃശൂര്‍ ലുലു മാള്‍ വീണ്ടും ചര്‍ച്ചകളില്‍ ഇടം നേടിയത്. ഒരു രാഷ്ട്രീയ നേതാവ് അനാവശ്യമായി നല്കിയ പരാതി കാരണമാണ് തൃശൂരിലെ ലുലു മാള്‍ വൈകുന്നത് എന്നായിരുന്നു യൂസഫലി പറഞ്ഞത്.
ഇതിന് പിന്നാലെയാണ് സിപിഐ വരന്തരപ്പിള്ളി മുന്‍ ലോക്കല്‍ സെക്രട്ടറി ടി എന്‍ മുകുന്ദനാണ് ലുലു മാളിനെതിരെ പരാതി നല്‍കിയത് എന്ന് വ്യക്തമായത്. താന്‍ പാര്‍ട്ടി അംഗമാണെങ്കിലും പരാതി കൊടുത്തതില്‍ പാര്‍ട്ടിക്ക് പങ്കില്ല എന്നായിരുന്നു മുകുന്ദന് പറഞ്ഞിരുന്നത്. അതേസമയം ലുലു മാളിനെതിരെ ഹര്‍ജി നല്കിയ മുകുന്ദനെ പിന്തുണച്ച് സിപിഐ രംഗത്തെത്തിയിരുന്നു.
യൂസഫലിയുടെ ആരോപണത്തില്‍ കഴമ്പില്ലെന്നും സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗം വിലയിരുത്തി. നെല്‍വയല്‍ സംരക്ഷണം പാര്‍ട്ടി നയമാണ് എന്നും നെല്‍വയല്‍ സംരക്ഷണ നിയമ നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ചത് സിപിഐ ആണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പിന്നീട് വ്യക്തമാക്കി. ഈ നിലപാടില്‍ വെള്ളം ചേര്‍ക്കാനാവില്ലെന്ന വികാരമാണ് സംസ്ഥാന കൗണ്‍സില്‍ യോഗത്തിലും ഉയര്‍ന്നത്.
നേരത്തെ നെല്‍വയല്‍ പരിവര്‍ത്തനപ്പെടുത്തിയതിനെതിരെയാണ് പരാതി നല്‍കിയത് എന്നും സമ്പന്നനും സാധാരണക്കാരനും ഒരേ നീതി വേണം എന്ന് കരുതിയാണ് കേസ് നടത്തുന്നത് എന്നുമായിരുന്നു മുകുന്ദന് പറഞ്ഞത്. 2001 മുതല്‍ 2005 വരെ കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന മുകുന്ദന് അവസാന 18 മാസം പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ സിപിഐ ലോക്കല്‍ കമ്മിറ്റി അംഗമാണ്.
അഖിലേന്ത്യ കിസാന്‍ സഭ തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗവും പുതുക്കാട് മണ്ഡലം സെക്രട്ടറിയുമാണ്. മാള്‍ നിര്‍മ്മിക്കാന്‍ സ്ഥലം ഏറ്റെടുത്ത് പ്രവര്‍ത്തനം തുടങ്ങിയ ഘട്ടത്തിലാണ് ലുലുവിനെതിരെ മുകുന്ദന് കേസ് കൊടുക്കുന്നത്. തൃശ്ശൂര്‍ പുഴയ്ക്കലില്‍ ഹയാത്ത് റീജന്‍സിയോട് ചേര്‍ന്ന ഒരേക്കറോളം വരുന്ന സ്ഥലമാണ് ലുലു ഗ്രൂപ്പ് മാളിനായി കണ്ടെത്തിയിരുന്നത്. ചിരിയങ്കണ്ടത്തുകാരുടെ ഉടമസ്ഥലയിലായിരുന്നു ഈ സ്ഥലം.
പന്നിക്കര കിണി പാടശേഖരത്തില്‍ ഉള്‍പ്പെടുന്ന ഈ സ്ഥലത്ത് ജിയോളജിസ്റ്റിന്റെ അനുമതിയോടെ ഉടമകള്‍ കളിമണ്ണ് നീക്കം ചെയ്യാന്‍ തുടങ്ങിയതോടെയാണ് മുകുന്ദന് പരാതിയുമായി ആദ്യം രംഗത്ത് വന്നത്. ഇതോടെ ജിയോളജിസ്റ്റിന്റെ പെര്‍മിറ്റ് റദ്ദാക്കി. സ്ഥലം ഉടമകള്‍ ഭൂമി പരിവര്‍ത്തനം ചെയ്യുന്നതിന് ആര്‍ഡിഒയ്ക്ക് അപേക്ഷ നല്‍കിയെങ്കിലും അനുമതി കിട്ടിയിരുന്നില്ല.