നിലമ്പൂർ; തിരിച്ചുപിടിച്ച് ആര്യാടൻ; ജന്മനാട്ടിൽ അടിതെറ്റി സ്വരാജ്.
ആര്യാടൻ ഷൗക്കത്തിലൂടെ നിലമ്പൂർ നിയമസഭാ മണ്ഡലം തിരിച്ചുപിടിച്ച് യുഡിഎഫ്. 11077 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ആര്യാടൻ ഷൗക്കത്ത് വിജയിച്ചത്. ഷൗക്കത്തിന് 69932 വോട്ടും എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനു 59140 വോട്ടും പി വി . അൻവറിന് 17873 വോട്ടും എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജിന് 7593 വോട്ടും ലഭിച്ചു. സ്വതന്ത്രനും സിറ്റിംഗ് എംഎൽഎയും ആയിരുന്ന പി വി അൻവർ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ പോലും മോശമില്ലാത്ത നിലയിൽ തന്റെ സ്വാധീനം നിലനിർത്തി.
യുഡിഎഫും കോൺഗ്രസ് മുസ്ലിം ലീഗ് നേതാക്കളും ഭരണവിരുദ്ധ വികാരമാണ് ഇലക്ഷനിൽ പ്രതിഫലിച്ചത് എന്ന് ആവർത്തിച്ചെങ്കിലും എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജും സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷും ഇത് തള്ളിക്കളയുകയാണ് ഉണ്ടായത്.
ഐക്യ ജനാധിപത്യമുന്നണിക്ക് ഉജ്വല വിജയം നൽകിയ നിലമ്പൂരിലെ ജനങ്ങളോട് പ്രതിപക്ഷനേതാവ് വി ഡി സതീശൻ നന്ദി പ്രകാശിപ്പിച്ചു. 9 വർഷമായി അധികാരത്തിലിരിക്കുന്ന പിണറായി സർക്കാരിനെ ജനങ്ങൾ വിചാരണ ചെയ്തു എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ആര്യാടൻ ഷൗക്കത്ത് വിജയിച്ചു എങ്കിലും യുഡിഎഫ് കേന്ദ്രങ്ങളിൽ പ്രതീക്ഷിച്ച നിലയിൽ വോട്ട് നേടുവാൻ ആയിട്ടില്ല എന്ന സൂചനയുമായി കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫും രംഗത്തെത്തി. യുഡിഎഫ് വോട്ടുകൾ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് വിലയിരുത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എടക്കര, വഴിക്കടവ്, മൂത്തേടം, ചുങ്കത്തറ, പോത്തുകല്ല്, കരുളായി, അമരമ്പലം, എന്നീ പഞ്ചായത്തുകളിൽ ലീഡ് നേടിയ യുഡിഎഫ് നിലമ്പൂർ നഗരസഭയിലും ലീഡ് നിലനിർത്തി. എം സ്വരാജിന്റെ പഞ്ചായത്തായ പോത്തുകല്ലിൽ യുഡിഎഫിന് 80 വോട്ടിന്റെ ലീഡാണുള്ളത് കഴിഞ്ഞതവണ എൽഡിഎഫ് ഇവിടെ 56 വോട്ടിന് ലീഡ് ചെയ്തിരുന്നു . ഈ പഞ്ചായത്ത് ഭരിക്കുന്നതും എൽഡിഎഫ് ആണ്. മലപ്പുറം ഡിസിസി പ്രസിഡൻറ് വിഎസ് ജോയിയുടെ പഞ്ചായത്തായ പോത്തുകല്ലിൽ സ്വരാജ് ലീഡ് ചെയ്തിരുന്നെങ്കിലും അവസാനം യുഡിഎഫ് ലീഡ് നിലനിർത്തുകയാണ് ഉണ്ടായത്.
കഴിഞ്ഞ നിയമസഭാ ഇലക്ഷനിൽ ഇടത് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച പി വി അൻവർ സർക്കാരുമായി ഉണ്ടായ നിരന്തരമായ ഏറ്റുമുട്ടലിനെ തുടർന്ന് രാജിവെച്ചതാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്.