സ്റ്റാലിനും പിണറായി വിജയനും അയ്യപ്പ സ്വാമിയോടും ഭക്തരോടും മാപ്പ് പറയണം – ബി.ജെ.പി
ആഗോള അയ്യപ്പ സംഗമത്തിൽ മുഖ്യാതിഥിയായെത്തുന്ന തമിഴ്നാട് മുഖ്യമന്തി എംകെ സ്റ്റാലിനെതിരെ ബിജെപി. അയ്യപ്പസംഗമത്തിൽ സ്റ്റാലിന് പങ്കെടുക്കണമെങ്കിൽ അദ്ദേഹം കേരളത്തിലെ ഹിന്ദുക്കളോട് മാപ്പ് പറയണമെന്നും അല്ലെങ്കിൽ വലിയ പ്രതിഷേധം നേരിടേണ്ടി വരുമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കേരള മുഖ്യമന്ത്രി പിണറായി വിജയനും എംകെ സ്റ്റാലിനും വർഷങ്ങളായി ശബരിമലയെയും അയ്യപ്പഭക്തരെയും ഹൈന്ദവ വിശ്വാസങ്ങളേയും തകർക്കുന്നതിനും അപമാനിക്കുന്നതിനും വേണ്ട നിരവധി പ്രവൃത്തികൾ ചെയ്തിട്ടുണ്ടെന്നത് ചരിത്ര സത്യമാണ്.. പിണറായി വിജയൻ നിരവധി അയ്യപ്പഭക്തരെ ജയിലിലടച്ച്, അവർക്കെതിരെ കേസെടുക്കുകയും പോലീസ് അതിക്രമം അഴിച്ചുവിടുകയും ചെയ്തു. ശബരിമലയിൽ കാലാകാലമായി നിലനിന്ന് പോന്നിരുന്ന ആചാരങ്ങളെ ലംഘിക്കാനും അപമാനിക്കാനും സാധ്യമായതെല്ലാം നിങ്ങൾ ചെയ്തു.
സ്റ്റാലിനും അദ്ദേഹത്തിന്റെ ഒന്നിനും കൊള്ളാത്ത മകനും ഹിന്ദുക്കളെ ആവർത്തിച്ച് അപമാനിക്കുകയും ഹൈന്ദവ വിശ്വാസം ഒരു രോഗമാണെന്ന് പോലും പറയുകയും ചെയ്തു. ഇതെല്ലാം ഓരോ ഹിന്ദുവിന്റെയും മനസ്സിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്; അവരാരും ഇത് ഒരിക്കലും മറക്കുകയോ നിങ്ങളോട് പൊറുക്കുകയോ ഇല്ല. അതുകൊണ്ട്, തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ സി പി എം സർക്കാർ ‘അയ്യപ്പ സംഗമം’ ആഘോഷിക്കുന്നത് ഒരു നാടകവും “ജനങ്ങളെ വിഡ്ഢികളാക്കാനുള്ള” കുതന്ത്രത്തിന്റെ ഭാഗവുമാണ്.
പിണറായിയും സ്റ്റാലിനും ഒരു കാര്യം അറിഞ്ഞിരിക്കുക – ഹിന്ദുക്കളോടും ശബരിമല അയ്യപ്പഭക്തരോടും മാപ്പ് പറഞ്ഞിട്ട് മാത്രമേ നിങ്ങൾക്ക് അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ കഴിയുകയുള്ളു. അയ്യപ്പഭക്തർക്കെതിരെ കേസെടുത്ത് ജയിലടച്ചതിന് പിണറായി വിജയൻ സർക്കാർ മാപ്പ് പറയണം. ശബരിമലയുടെ ആചാരങ്ങൾ ലംഘിച്ചതിന് അയ്യപ്പസ്വാമിയോട് മാപ്പ് അപേക്ഷിക്കുകയും വേണം.
സ്റ്റാലിനും മകൻ ഉദയനിധിയും കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അവർ ഹിന്ദുക്കളോട് മാപ്പ് പറഞ്ഞേ മതിയാവൂ.
ഇതൊന്നും ചെയ്യാതെ, സ്റ്റാലിനോ പിണറായിയോ ശബരിമല ഭക്തരെയോ അവരുടെ വിശ്വാസത്തെയോ ദുരുപയോഗം ചെയ്യാനും ഈ പരിപാടിയിൽ പങ്കെടുക്കാനും ശ്രമിച്ചാൽ, ബിജെപിയുടെ ഓരോ പ്രവർത്തകനും ഇതിനെതിരെ തെരുവിലിറങ്ങും.
ഈ വിഷയത്തിൽ ഞങ്ങളുടെ ശക്തിയെ നിങ്ങൾ കുറച്ചുകാണരുത്. ആദ്യം നിങ്ങൾ മാപ്പ് ചോദിക്കുക. ഒരു ഇന്ത്യക്കാരന്റെയും വിശ്വാസത്തെ അപമാനിക്കാൻ ബി ജെ പി അനുവദിക്കില്ല’, രാജീവ് ചന്ദ്രശേഖർ പറഞ്ഞു.