എടോ, ഗോപാലകൃഷ്ണാ അടവ് അങ്ങ് അട്ടത്തിരിക്കട്ടെ…….
സിനിമാ കോൺക്ലേവിന്റെ സമാപന വേദിയിൽ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. പട്ടികജാതി വിഭാഗത്തിൽ നിന്ന് സിനിമയെടുക്കാൻ വരുന്നവർക്ക് പരിശീലനം നൽകണമെന്നും സ്ത്രീകളായതു കൊണ്ടു മാത്രം സിനിമയെടുക്കാൻ പണം നൽകരുതെന്നുമായിരുന്നു അടൂർ പറഞ്ഞത്. ഇതിനെതിരെ വേദിയിൽ വെച്ച് തന്നെ കടുത്ത പ്രതിഷേധമാണ് ഗായിക പുഷപവതി ഉയർത്തിയത്.
എന്നാൽ സിനിമയുമായി ബന്ധമില്ലാത്ത ആളാണ് തനിക്കെതിരെ പ്രിതിഷേധിച്ചതെന്നായിരുന്നു അടൂരിന്റെ പ്രതികരണം. അടൂരിന്റെ പ്രതികരണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുകയാണ് ഗായകരുടെ സംഘടന (Samam). പ്രമുഖരായ പിന്നണി ഗായകരെ സിനിമ കോൺക്ലേവിലേക്ക് ക്ഷണിച്ചിരുന്നുവെന്നും കേരള സർക്കാരിന്റെ പുതിയ ചലച്ചിത്രനയരൂപീകരണവുമായി ബന്ധപ്പെട്ട കോൺക്ലേവിൽ അഭിപ്രായം പറയാൻ ഗായകർക്ക് അവകാശമുണ്ടെന്നും സംഘടന ഫേസ്ബുക്കിൽ കുറിച്ചു.
മലയാള സിനിമയുടെ സമസ്തമേഖലയിലും പ്രവർത്തിക്കുന്നവർ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്ന വേദിയിൽ ഗായകർക്കെന്തു കാര്യം എന്നു ചോദിക്കുന്നത് , രംഗത്തു വന്ന് ആറു പതിറ്റാണ്ടോളമായിട്ടും സിനിമയിൽ സംഗീതത്തിന്റെയും ഗാനങ്ങളുടെയും പ്രസക്തി മനസ്സിലാക്കാത്തതു കൊണ്ടാവാം. സ്വന്തം സിനിമയിൽ ഗാനങ്ങളോ പശ്ചാത്തലസംഗീതമോ വേണ്ട എന്നു തീരുമാനിക്കാൻ അടൂരിനു സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഗായകരും മറ്റു സംഗീതവിഭാഗക്കാരും സിനിമയുടെ ഭാഗമല്ല എന്ന നിലപാട് അത്യന്തം പ്രതിഷേധാർഹമാണ്.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ നിരവധി അതിപ്രശസ്തങ്ങളായ പാട്ടുകൾക്ക് ശബ്ദം നൽകിയ ഗായികയും സമം മുൻ ഭരണസമിതി അംഗവും കേരള സംഗീത നാടക അക്കാഡമി വൈസ് ചെയർപെഴ്സണുമായ പുഷ്പവതിയെ തിരിച്ചറിയാൻ കഴിയാതെ പോയതിൽ നിന്നും അടൂർ ഗോപാലകൃഷ്ണൻ സമകാലിക സിനിമാസംഗീതത്തെക്കുറിച്ചും സർക്കാർ സംവിധാനങ്ങളെക്കുറിച്ചും തീർത്തും അജ്ഞനാണെന്നു വ്യക്തമാകുന്നു.
വിനോദോപാധി എന്ന നിലയിൽ, സിനിമയിൽ സംഗീതത്തിന്റെയും പാട്ടുകളുടെയും പ്രാധാന്യം ഉൾക്കൊള്ളാനും സിനിമാസംഗീതരംഗത്തുള്ളവരെ അംഗീകരിക്കാനും തയ്യാറാവാത്തതു കൊണ്ടാവാം ഇത്തരം വില കുറഞ്ഞ പ്രസ്താവനകൾ അദ്ദേഹം നടത്തിയത്. തന്റെ അറിവില്ലായ്മ കൊണ്ട് സമുന്നതയായ ഒരു കലാകാരിയെയും ഗായകസമൂഹത്തെയും അപമാനിച്ച അടൂർ ഗോപാലകൃഷ്ണൻ പൊതുസമൂഹത്തോടു മാപ്പു പറയണം