വഞ്ചനാ കുറ്റം: നിവിൻ പോളിയും എബ്രിഡ് ഷൈനും അറസ്റ്റിലാകാൻ സാധ്യത
കോട്ടയം: നടനും നിര്‍മാതാവുമായ സൗബിന് ഷാഹിറിന് പിന്നാലെ നിവിന്‍ പോളിയെയും പൊലീസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നു. സാമ്പത്തിക തട്ടിപ്പും വഞ്ചനാ കുറ്റവും ആരോപിച്ച് നിര്‍മ്മാതാവ് നല്കിയ പരാതിയിലാണ് നടപടി. സംവിധായകന് എബ്രിഡ് ഷൈനെയും നോട്ടീസ് നല്കി വിളിച്ചു വരുത്താനാണ് തീരുമാനം. ആക്ഷന്‍ ഹീറോ ബിജു 2 എന്ന സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്. തിയറ്ററിലും ഒടിടിയിലും സൂപ്പര്‍ ഹിറ്റ് ചിത്രമായ ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗമാണിത്.
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത്, നിവിന്‍ പോളി നായകനായ ചിത്രമായിരുന്നു മഹാവീര്യര്‍. തിയേറ്ററില്‍ വന്‍ പരാജയമായി മാറിയ സിനിമയായിരുന്നു ഇത്. ഈ ചിത്രത്തില്‍ നിര്‍മ്മാണ പങ്കാളിയായിരുന്നു പിഎസ് ഷംനാസ്. ഇദ്ദേഹമാണ് തലയോലപ്പറമ്പ് പൊലീസില്‍ നായകനടനും സംവിധായകനും എതിരെ കേസ് കൊടുത്തത്. തന്നില്‍ നിന്ന് പണം വാങ്ങിയ കാര്യം മറച്ചുവെച്ച് ആക്ഷന്‍ ഹീറോ ബിജു രണ്ടിന്റെ വിതരണാവകാശം മറ്റൊരാള്‍ക്ക് നല്‍കിയെന്നാണ് ആക്ഷേപം. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് നിവിന്‍ പോളിക്കും എബ്രിഡ് ഷൈനിനും എതിരായ പൊലീസിന്റെ നടപടി.
മഹാവീര്യര്‍ സിനിമയുടെ പരാജയത്തെ തുടര്‍ന്ന് തനിക്ക് 95 ലക്ഷം രൂപ നല്‍കാമെന്ന് നിവിന്‍ പോളി ഏറ്റിരുന്നെന്നും ആക്ഷന്‍ ഹീറോ ബിജു രണ്ടാം ഭാഗത്തിന്റെ വിതരണം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു എന്നുമാണ് നിര്‍മ്മാതാവായ ഷംനാസിന്റെ പരാതിയില്‍ ഉള്ളത്. തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ 2 കോടിയോളം രൂപ ഷംനാസ് ആക്ഷന്‍ ഹീറോ ബിജുവിന്റെ നിര്‍മ്മാണത്തിനായി കൈമാറുകയും ചെയ്തു.
ഫിലിം ചേംബറില്‍ കത്ത് നല്കി എബ്രിഡ് ഷൈന്റെ പേരില്‍ ഉണ്ടായിരുന്ന നിര്‍മ്മാണം ഷംനാസിന്റെ പേരിലേക്ക് മാറ്റി. എന്നാല്‍ പിന്നാലെ സിനിമയുടെ ബജറ്റിനെ ചൊല്ലി ഷംനാസും സംവിധായകനുമായി തര്‍ക്കമുണ്ടായി. തുടര്‍ന്ന് തന്നോട് കാര്യങ്ങള്‍ അറിയിക്കാതെ സിനിമയുടെ വിതരണാവകാശം മറ്റൊരാള്‍ക്ക് കൈമാറി എന്നാണ് ആക്ഷേപം. ദുബായ് കേന്ദ്രീകരിച്ച ഒരു കമ്പനിക്കാണ് വിതരണ കരാര്‍ നല്‍കിയത്. ഇതിനു പിന്നില്‍ വഞ്ചനയും ഗൂഢാലോചനയും ഉണ്ടെന്നാണ് ഷംനാസ് കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരമായിരുന്നു വഞ്ചന കുറ്റത്തിന് അടക്കം കേസെടുത്തത്.
കേസിന്റെ തുടര്‍ നടപടികളുടെ ഭാഗമായി നിവിന്‍ പോളിയെയും എബ്രിഡ് ഷൈനെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് തലയോലപ്പറമ്പ് പൊലീസിന്റെ തീരുമാനം ഇതിനായി അടുത്ത ദിവസം തന്നെ ഇരുവര്‍ക്കും നോട്ടീസ് നല്‍കും. കേസിന്റെ സ്വഭാവമനുസരിച്ച് ഇരുവരെയും അറസ്റ്റ് ചെയ്യുന്നതിനും പൊലീസിന് തടസമില്ല. എന്നാല്‍ പൊലീസ് നോട്ടീസിനെ ചോദ്യം ചെയ്ത് നിവിന്‍ പോളിയും എബ്രിഡ് കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. അറസ്റ്റ് തടയണമെന്നും മുന്‍കൂര്‍ ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കാനാണ് സാധ്യത.