മേഘ വിസ്ഫോടനവും മിന്നൽ പ്രളയവും; 4 മരണം, 50 പേരെ കാണാതായി
ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും മിന്നൽ പ്രളയത്തിലും നാല് മരണം. അപകടത്തിൽ 50 ഓളം പേരെ കാണാതായതായി റിപ്പോർട്ട്. ധരാലി ഗ്രാമത്തിൽ ഉച്ചകഴിഞ്ഞാണ് പ്രളയം ഉണ്ടായത്. മലമുകളിൽ നിന്ന് കുത്തിയൊലിച്ച വെള്ളം വിടുകൾക്ക് മുകളിലൂടെ കുതിച്ചൊഴുകി. വിനോദസഞ്ചാരികൾ പകർത്തിയ പ്രളയത്തിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.
ഖീർ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്താണ് മേഘവിസ്ഫോടനം ഉണ്ടായത്. തുടർന്ന് വലിയ തോതിൽ വെള്ളം വീടുകളിലേക്ക് ഇരച്ചെത്തുകയായിരുന്നു. ഭയന്നു നിലവിളിക്കുന്ന ആളുകളേയും ചെളിയിൽ നിന്ന് പുറത്തുവരാൻ പാടുപെടുന്നവരേയും ദൃശ്യങ്ങളിൽ കാണാം.
വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്ന മേഖലയാണ് ഇത്. ഈ പ്രദേശത്ത് ധാരാളം ഹോസ്റ്റേകളും ഹോട്ടലുകളുമുണ്ട്. മിന്നൽ പ്രളയത്തിൽ പ്രദേശത്തെ വീടുകളും ഹോട്ടലുകളും ഒലിച്ചുപോയതായി ദൃക്സാക്ഷികളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Powered By Logo
മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എൻ ഡി ആർ എഫ്,
ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ITBP), സംസ്ഥാന ദുരന്തസേന എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ജില്ലാ ഭരണകുടം രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. ദുരിതബാധിതരായ പൗരന്മാർക്ക് എല്ലാ സഹായവും നൽകുന്നുണ്ടെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയെ വിളിച്ച് സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞു. എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യമന്ത്രിയുമായി സംസാരിച്ചു.
രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണെന്ന് സൈന്യവും അറിയിച്ചത്. ‘ഹർഷിലിന് സമീപമുള്ള ഖീർഗഡ് പ്രദേശത്താണ് ധരാലി ഗ്രാമം. പ്രളയത്തെ തുടർന്ന് പ്രദേശത്ത് വൻ മണ്ണിടിച്ചിലുണ്ടായി. സൈന്യം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തി വരികയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടും’, സൈന്യം എക്സിൽ കുറിച്ചു. മേഖലയിൽ മഴ തുടരുകയാണ്. നദികളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാൻ പോലീസും ജനങ്ങളോട് അഭ്യർത്ഥിച്ചു.