‘ബ്ലോക്ക് എവരിതിങ്’ ഫ്രാൻസിൽ ആഭ്യന്തര കലാപം
പാരീസ്: വിശ്വാസ വോട്ടെടുപ്പിൽ പ്രധാനമന്ത്രി ഫ്രാൻസ്വ ബൈറോ പരാജയപ്പെട്ടതിന് പിന്നാലെ ഫ്രാൻസിൽ രാജ്യവ്യാപക പ്രതിഷേധം. പാരീസിലും മറ്റ് നഗരങ്ങളിലും പ്രകടനക്കാർ പോലീസുമായി ഏറ്റുമുട്ടുകയും പ്രസിഡന്റ് ഇമ്മാനുവൽ മെക്രോണിനും സർക്കാരിനും എതിരായ പൊതുജനരോഷം രൂക്ഷമായിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധിച്ച് തെരുവിൽ ഇറങ്ങിയത്. ഇരുന്നൂറിൽ അധികം പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ സ്ഥിരീകരിച്ചു. പ്രതിഷേധക്കാർ ബാരിരിക്കേഡുകൾ കത്തിക്കുകയും ഇവരെ നേരിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു . റെന്നസ്സിൽ ഒരു ബസ് കത്തിക്കുകയും വൈദ്യുതി ലൈനിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് തെക്കുപടിഞ്ഞാറൻ ഭാഗത്തെ ട്രെയിൻ ഗതാഗതം നിർത്തിവച്ചതായി ആഭ്യന്തരമന്ത്രി പറഞ്ഞു . പ്രതിഷേധക്കാർ കലാപാന്തരീക്ഷം സൃഷ്ടിക്കുവാൻ ശ്രമിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രി ബ്രൂണോ റിട്ടെലൊ ആരോപിച്ചു.
പ്രതിഷേധക്കാരെ നേരിടാൻ മാക്രോൺ സർക്കാർ രാജ്യത്തുടനീളം 80,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നു . എന്നിട്ടും പ്രതിഷേധക്കാർ വിവിധ പ്രദേശങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും തീയിടുകയും പ്രകടനങ്ങൾ നടത്തുകയും ചെയ്തു. പ്രധാന പാതകളിൽ തടസ്സങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. ബ്ലോക്ക് എവരിതിംഗ് മൂവ്മെന്റ് എന്ന പേരിലാണ് പ്രതിഷേധം നടക്കുന്നത്. ഫ്രാൻസിന്റെ കടബാധ്യതയ്ക്ക് പരിഹാരം കാണാനുള്ള ചെലവ് ചുരുക്കൽ നടപടികളോട് ഉള്ള പ്രതിഷേധമാണ് പ്രക്ഷോഭമായി വളർന്നിരിക്കുന്നത് . പെൻഷനും മറ്റ് ക്ഷേമ പെയ്മെന്റുകളും മരവിപ്പിച്ചും മറ്റ് വെട്ടിക്കുറക്കല്ലുകൾ വരുത്തിയും ചെലവ് ചുരുക്കാനുള്ള പ്രധാനമന്ത്രി ഫ്രാൻസ്വൈ ബയ്റോയുടെ പദ്ധതി തൊഴിലാളികളിലും യൂണിയനുകളിലും രോഷം ഉണ്ടാക്കി .
ഈ നടപടികൾ താഴ്ന്ന ഇടത്തരം വരുമാനക്കാരെ പ്രതിസന്ധിയിലാക്കിയെന്ന് പലരും വാദിക്കുന്നു . 9 മാസം മാത്രമാണ് ഫ്രാൻസ്വ ബെയ്റോ അധികാരത്തിലുണ്ടായിരുന്നത്. പിന്നീട് മാക്രോൺ തന്റെ വിശ്വസ്ത പ്രതിരോധ മന്ത്രിയായ സെബാസ്റ്റ്യൻ ലെ കോർണുവിനെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു . 12 മാസത്തിനിടെ ഫ്രാൻസ് ഭരിക്കുന്ന നാലാമത്തെ പ്രധാനമന്ത്രിയാണിത് . ഭരണതലത്തിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങൾ ഫ്രാൻസിലെ രാഷ്ട്രീയ അസ്ഥിരതയെ ചൂണ്ടിക്കാട്ടുന്നു . ലെകോർണുവിന്റെ നിയമനത്തിനു ശേഷവും തുടരുന്ന പ്രതിഷേധങ്ങൾ മാക്രോണിനുള്ള രാഷ്ട്രീയ വെല്ലുവിളി കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. മറ്റൊരു വിശ്വസ്തനെ തെരഞ്ഞെടുത്തതിലൂടെ വോട്ടർമാരുടെ ആശങ്ക പ്രസിഡണ്ട് അവഗണിച്ചുവെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. രാജ്യത്ത് സാമൂഹിക അശാന്തിയും പ്രതിസന്ധികൾ ഉണ്ടാക്കാനുള്ള സാധ്യതയും അദ്ദേഹം വർദ്ധിപ്പിച്ചു എന്നാണ് സോഷ്യലിസ്റ്റ് പാർട്ടി പ്രസ്താവനയിൽ പറഞ്ഞത്.