മികച്ച ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്നില്ലെങ്കിൽ വനവാസമെന്ന് വി.ഡി.സതീശൻ
കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മികച്ച ഭൂരിപക്ഷത്തില്‍ യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. പിന്നെ നിങ്ങള്‍ എന്നെ കാണില്ലെന്നും സതീശന്‍ വിശദീകരിച്ചു.
പറവൂരില്‍ കഴിഞ്ഞ ദിവസം നടന്ന സംഘടനയുടെ പരിപാടിക്കിടെയാണ് വിഡി സതീശനെതിരെ വെള്ളാപ്പള്ളി നടേശന്‍ കടന്നാക്രമിച്ച് സംസാരിച്ചത്. സതീശന്‍ ഈഴവ വിരോധിയാണ് എന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇതിനുള്ള മറുപടിയും സതീശന്‍ നല്‍കി. വെള്ളാപ്പള്ളി ആര്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത് എന്ന് സതീശന്‍ ചോദിച്ചു.
98 സീറ്റ് യുഡിഎഫിന് കിട്ടിയാല്‍ രാജിവയ്ക്കുമെന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. അപ്പോള്‍ 97 സീറ്റ് വരെ യുഡിഎഫിന് കിട്ടുമെന്ന് അദ്ദേഹത്തിന് സംശയമില്ല. 98 കിട്ടില്ല എന്നാണ് പറയുന്നത്. വെള്ളാപ്പള്ളിയുമായി തര്‍ക്കത്തിനില്ല. കേരള രാഷ്ട്രീയം നിരീക്ഷിക്കുന്ന വ്യക്തിയാണ് അദ്ദേഹം. യുഡിഎഫിന് 97 സീറ്റ് വരെ കിട്ടുമെന്ന് അദ്ദേഹം മറ്റൊരു തരത്തില്‍ സമ്മതിക്കുകയാണെന്നും സതീശന്‍ പറഞ്ഞു.
മികച്ച ഭൂരിപക്ഷം നേടി യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ താന്‍ രാഷ്ട്രീയ വനവാസത്തിന് പോകും. പിന്നെ നിങ്ങള്‍ തന്നെ കാണില്ലെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ വെള്ളാപ്പള്ളി നടേശന്‍ രാജിവയ്ക്കണം എന്ന് താന്‍ പറയില്ല. അദ്ദേഹം അവിടെ തന്നെ ഇരുന്നോട്ടെ എന്നും സതീശന്‍ പറഞ്ഞു.
വെള്ളാപ്പള്ളിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. താന്‍ ശ്രീനാരായണീയനാണ് എന്നാണ് പറഞ്ഞത്. ഗുരുവിന്റെ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണെന്നും പറഞ്ഞു. അതില്‍ മാറ്റമില്ല. എന്നാല്‍ നാട്ടില്‍ വിദ്വേഷ പ്രചാരണത്തിന് ആര് ശ്രമിച്ചാലും യുഡിഎഫ് നേരിടും. സിപിഎമ്മിനെ പോലെ ഞങ്ങള്‍ മാറി നില്‍ക്കില്ലെന്നും സതീശന്‍ പറഞ്ഞു.