GST പരിഷ്ക്കാരം: വില കുറയുമെങ്കിലും കമ്പനികൾ ലാഭം കൊയ്യും , സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കും
പുതിയ ജി എസ് ടി പരിഷ്കാരത്തിലൂടെ സാധ്യമാകുന്ന നികുതിയിളവ് വിലക്കുറവിൽ ജനങ്ങൾക്ക് ആശ്വാസം ആകുമ്പോൾ വാർഷിക വരുമാനം ഇടിയുന്നതിലൂടെ സംസ്ഥാന സർക്കാരിന് ആഘാതം ആകും . രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം ഏറ്റവും ഉയർന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ 7 മാസമായി ഈ നില തുടരുകയാണ്. ഈ സാഹചര്യത്തിലാണ് നികുതിപരിഷ്കാരത്തിൽ ആശ്വാസം പ്രതീക്ഷിക്കാവുന്നത്.
സംസ്ഥാന ധനകാര്യ വകുപ്പിന്റെ കണക്കനുസരിച്ച്, പ്രതിവർഷം 8000 മുതൽ 10000 കോടി വരെ വരുമാന നഷ്ടമാണ് പ്രതീക്ഷിക്കുന്നത്. 22 ലക്ഷം കോടി രൂപയാണ് കഴിഞ്ഞവർഷം ഇന്ത്യയിലാകെ ജി എസ് ടി ഇനത്തിൽ കിട്ടിയത്. പുതിയ പരിഷ്കാരത്തോടെ ഇതിൽ 4 ലക്ഷം കോടി രൂപയുടെ കുറവ് സംസ്ഥാനങ്ങളുടെ വരുമാനത്തിൽ ഉണ്ടാകും . അതേസമയം പ്രത്യക്ഷത്തിൽ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന പരിഷ്കാരമായതിനാൽ പരസ്യമായി എതിർക്കാനും സർക്കാരിന് കഴിയുന്നില്ല . സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളെ ആകെ പ്രതികൂലമായി ബാധിക്കും എന്നാണ് ധനകാര്യ വകുപ്പ് വിലയിരുത്തുന്നത്. ജി എസ് ടി ഏർപ്പെടുത്തിയ ആദ്യഘട്ടത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന നികുതി വളർച്ച കുറയും എന്ന തിരിച്ചറിവിൽ ഈ ഇനത്തിൽ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാൻ കേന്ദ്രം നഷ്ടപരിഹാരം അനുവദിച്ചിരുന്നു. ഇതേ മാതൃകയിൽ പുതിയ പരിഷ്കരണത്തിലെ നഷ്ടം നേരിടുന്നതിനും നഷ്ടപരിഹാരം ഏർപ്പെടുത്തണമെന്ന് കേരളമടക്കം സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം പരിഗണിച്ചിട്ടില്ല.
ജിഎസ്ടി ഏർപ്പെടുത്തിയതോടെ നികുതി വരുമാനത്തിൽ ഉണ്ടായ 21000 കോടി രൂപയുടെ നഷ്ടത്തിന് പുറമേയാണ് പതിനായിരം കോടിയുടെ ഇപ്പോഴത്തെ കുറവ് . സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന കേന്ദ്രനടപടി മൂലം വലിയ സാമ്പത്തിക ഞെരുക്കമാണ് സംസ്ഥാനം കഴിഞ്ഞ കുറെ വർഷങ്ങളായി അനുഭവിച്ചു വരുന്നത്. അതിനിടെ നികുതി കുറച്ചതിന്റെ അനുകൂല്യം വിലക്കുറവായി ഉപഭോക്താക്കൾക്ക് ലഭിക്കുമോ എന്നതിലും ആശങ്ക നിലനിൽക്കുന്നു .
നികുതി കുറച്ച 25 സാധനങ്ങൾ മുൻനിർത്തി മുമ്പ് സംസ്ഥാന ജിഎസ്ടി വകുപ്പ് പഠനം നടത്തിയപ്പോൾ വിപണിയിൽ വിലക്കുറവ് ഇല്ലെന്നാണ് അനുഭവപ്പെട്ടത് . നികുതി മാറ്റത്തിലൂടെ വരുന്ന കുറവ് വിലയിൽ വർദ്ധിപ്പിക്കുന്ന കമ്പനികളുടെ തന്ത്രമാണ് ഇതിന് കാരണം. ഫലത്തിൽ നികുതിയിളവിന്റെ ഗുണം കൊയ്യുന്നത് കമ്പനികൾ ആയിരിക്കും .