കാപ്പി കുടിക്കുന്നവർക്ക് സന്തോഷ വാർത്ത……..
കാപ്പി കുടിക്കുന്നത് ആരും അത്ര പ്രോത്സാഹിപ്പിക്കാറില്ല. സ്ഥിരമായി കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നും പറയാറുണ്ട്. എന്നാൽ ഇപ്പോൾ കാപ്പി ഇഷ്ടപ്പെട്ടവർക്ക് ഒരു സന്തോഷവാർത്ത വന്നിരിക്കുന്നു. സൗത്താംപ്ടൺ, എഡിൻബർഗ് സർവ്വകലാശാലകളിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കാപ്പി കുടിക്കുന്നത് കരൾ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
പൊടിച്ച കാപ്പി കുടിക്കുന്നതാണ് കൂടുതൽ നല്ലതെന്നും പഠനത്തിൽ പറയുന്നു. ഇത് ഫാറ്റി ലിവർ വരാനുള്ള സാധ്യതയും അതുമൂലമുണ്ടാകുന്ന മരണ സാധ്യതയും കുറയ്ക്കുന്നു. ദിവസവും മൂന്ന് കപ്പ് കാപ്പി കുടിക്കുന്നത് കൊഴുപ്പ് കരൾ രോഗം ഉണ്ടാകാനുള്ള സാധ്യത 20% വരെ കുറയ്ക്കുകയും ഗുരുതരമായ കരൾ രോഗങ്ങളിൽ നിന്നുള്ള മരണസാധ്യത 49% വരെ കുറയ്ക്കുകയും ചെയ്യുമെന്നാണ് കണ്ടെത്തൽ. ഈ പഠനം ബിഎംസി പബ്ലിക് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.