| | | | |

മനുഷ്യ- വന്യജീവി സംഘര്‍ഷം; സംസ്ഥാനം നിയമനിര്‍മ്മാണം നടത്തും – സര്‍ക്കാര്‍

Spread the News

മനുഷ്യ- വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമനിര്‍മ്മാണം നടത്താനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ട് പോവുകയാണെന്നും കരട് ബില്‍ നിയമവകുപ്പിന്‍റെ പരിഗണനയിലാണെന്നും സര്‍ക്കാര്‍ എം പിമാരുടെ യോഗത്തില്‍ അറിയിച്ചു. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി തിരുവനന്തപുരം സർക്കാർ അതിഥി മന്ദിരത്തിലാണ് മുഖ്യമന്ത്രി വിളിച്ച എം പിമാരുടെ യോഗം ചേർന്നത്.

വയനാട് ജില്ലയിലെ മേപ്പാടി-ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് Post-disaster Need Assessment നടത്തി കേന്ദ്ര സർക്കാരിന് സമർപ്പിച്ചത് പ്രകാരം മേപ്പാടിക്ക് 2221.10 കോടി രൂപയും കോഴിക്കോട് ജില്ലയിലെ വിലങ്ങാടിന് 98.10 കോടി രൂപയും അനുവദിക്കുന്നതിനായി ഒന്നിച്ച് നിലപാട് സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.

ദേശീയ ദുരന്ത നിവാരണ നിയമത്തിൽ നിന്നും ഒഴിവാക്കിയ ‘സെക്ഷൻ 13’ പുനഃസ്ഥാപിക്കുന്നതിന് കൂട്ടായ ഇടപെടൽ വേണം. വന്യജീവി സംരക്ഷണ നിയമത്തിലെ 11-ാം വകുപ്പിൽ നിഷ്കർഷിച്ചിട്ടുള്ള കാര്യങ്ങളിൽ പ്രാദേശിക ആവശ്യങ്ങൾ കണക്കിലെടുത്ത് ലഘൂകരണം നൽകാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകുന്ന നിയമ ഭേദഗതി അടിയന്തരമായി വരുത്തുന്നതിനും നഷ്ടപരിഹാരത്തിനുള്ള കേന്ദ്ര വിഹിതം ലഭ്യമാക്കുന്നതിന് ആവശ്യം ഉന്നയിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

സംസ്ഥാനത്തെ റെയിൽ വികസനത്തെക്കുറിച്ച് വിശദമായ മെമ്മോറാണ്ടം കേന്ദ്ര റെയിൽവേ മന്ത്രിയെ നേരിൽകണ്ട് മുഖ്യമന്ത്രി സമർപ്പിച്ചിരുന്നു. അതിന്റെ തുടർച്ചയായി തലശ്ശേരി – മൈസൂർ, നിലമ്പൂർ – നഞ്ചൻഗുഡ് റെയിൽ പദ്ധതി, കാഞ്ഞങ്ങാട് – പാണത്തൂർ – കണിയൂർ റെയിൽവേ ലൈൻ, അങ്കമാലി – എരുമേലി – ശബരി റെയിൽവേ ലൈൻ, സംസ്ഥാനത്ത് മൂന്നാമതും നാലാമതും റെയിൽവേ ലൈനുകൾ അനുവദിക്കുന്നത്, കൊച്ചി മെട്രോ – എസ്‌.എൻ ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ വരെ നീട്ടുന്നതിനുള്ള തുക അനുവദിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നിലവിലെ പ്രശ്നങ്ങൾ സംസ്ഥാന ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തി കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനുള്ള സഹകരണം എല്ലാ പാർലമെന്റംഗങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി കൂട്ടിചേർത്തു. സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിക്കുന്നതിനാവശ്യമായ ഇടപെടൽ കക്ഷി രാഷ്ട്രീയത്തിനതീതമായി സ്വീകരിക്കുമെന്ന് എം പിമാർ മുഖ്യമന്ത്രിയെ അറിയിച്ചു. നാടിന്റെ പൊതുവായ കാര്യങ്ങളിൽ യോജിച്ച് ഇടപെടണമെന്നും യോഗം അഭിപ്രായപ്പെട്ടു.

ഗ്യാരണ്ടി റിഡംഷൻ ഫണ്ടിൻ്റെ പേരിൽ കടമെടുപ്പ് തുക വെട്ടിക്കുറച്ചത്, ഐ.ജി.എസ്.ടിയിൽ 965 കോടി രൂപ വെട്ടിക്കുറച്ചത്, സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധി 3.5 ശതമാനമായി ഉയർത്തുക, കിഫ്ബി, പെൻഷൻ കമ്പനി എന്നിവ എടുക്കുന്ന വായ്പ കടപരിധിയിൽ നിന്നും ഒഴിവാക്കൽ, ജല ജീവൻ മിഷൻ്റെ സംസ്ഥാന വിഹിതത്തിനു തുല്യമായ തുക നിലവിലെ കടമെടുപ്പ് പരിധിക്കു ഉപരിയായി അനുവദിക്കുന്നത് ഉൾപ്പടെയുള്ള ധനകാര്യ വിഷയങ്ങളിൽ ഇടപെടൽ നടത്താൻ യോഗം തീരുമാനിച്ചു.

അടിസ്ഥാന സൗകര്യ വികസന പദ്ധതികളായ ഗിഫ്റ്റ് സിറ്റി (ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആൻഡ് ട്രേഡ് സിറ്റി), കൊച്ചി-ബാംഗ്ലൂർ ഇൻഡസ്ട്രിയൽ കോറി ഡോറിന് കീഴിൽ ഗ്ലോബൽ സിറ്റി ഘടകത്തെ ബന്ധിപ്പിക്കണം, ലോജിസ്റ്റിക് പാർക്കുകൾ സ്ഥാപിക്കുന്നതിന് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ലഭ്യമാക്കുന്നതിലും കണക്ടിവിറ്റി ഇൻഫ്രാസ്ട്രക്ടർ പൂർത്തീകരിക്കുന്നതിലും സമയബന്ധിതമായ കേന്ദ്ര പിന്തുണ തേടുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും യോഗത്തിൽ ധാരണയായി.

ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) കേരളത്തിൽ അനുവദിക്കുന്നതിനുള്ള നടപടി, വയ വന്ദന യോജന പദ്ധതിയുടെ പ്രിമിയം തുക വർദ്ധനവ്, നാഷണൽ ഹെൽത്ത് മിഷൻ്റെ ഭാഗമായി കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കേണ്ട കുടിശ്ശിക ലഭ്യമാക്കൽ, ആശാ വർക്കർമാരെ ഹെൽത്ത് വർക്കർമാരാക്കണമെന്ന ആവശ്യം, ബ്രഹ്മോസ് പദ്ധതി സംസ്ഥാനത്ത് നിലനിർത്തുന്നത്, വിദേശ വിമാന കമ്പനികൾക്ക് കണ്ണൂർ എയർപോർട്ടിൽ നിന്ന് സർവ്വീസ് നടത്താനുള്ള ‘പോയിൻ്റ് ഓഫ് കോൾ” ലഭ്യമാക്കൽ, സംസ്ഥാനത്തെ ദേശീയപാതാ വികസനം, ദേശീയ ജലപാത-3ന്റെ എക്സ്റ്റൻഷൻ ആയി പ്രഖ്യാപിച്ചിട്ടുള്ള കോട്ടപ്പുറം മുതൽ കോഴിക്കോട് വരെയുള്ള ജലപാത ദേശീയ നിലവാരത്തിലേയ്ക്ക് ഉയർത്തുന്നത്, തീരദേശ സംരക്ഷണത്തിനായുള്ള കടൽഭിത്തി നിർമ്മാണം തുടങ്ങിയ വിഷയങ്ങളും യോഗം ചർച്ച ചെയ്തു.

കടൽ ഭിത്തി നിർമ്മാണത്തിനോടൊപ്പം തീരത്തെ മത്സ്യത്തൊഴിലാളികളുടെ ജീവനും, സ്വത്തും സംരക്ഷിക്കുന്നതിനായുള്ള വിവിധ പ്രൊപ്പോസൽ കേന്ദ്ര സർക്കാരിനു സമർപ്പിച്ചതിന്മേൽ നടപടി സ്വീകരിക്കണം, സംസ്ഥാനത്തിന് ടൈഡ് ഓവർ വിഹിതത്തിൽ കൂടുതൽ ഭക്ഷ്യധാന്യങ്ങൾ അനുവദിക്കുക തുടങ്ങിയവയിൽ സ്വീകരിക്കേണ്ട നടപടികൾ സംയുക്തമായി ഏകോപിപ്പിക്കുമെന്നും പാർലമെന്റംഗങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചു.

കാർഷിക ഉൽപ്പനങ്ങൾ ഇറക്കുമതി ചെയ്യാൻ സഹായകമാകുന്ന അമേരിക്കയുമായി നടത്താൻ ഉദ്ദേശിക്കുന്ന കരാറിൽ സംസ്ഥാനത്തിന്റെ പ്രതിഷേധം അറിയിക്കണമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി പ്രധാനമന്ത്രി കത്തയക്കണമെന്നും യോഗം തീരുമാനിച്ചു.

യോഗത്തിൽ മന്ത്രിമാരായ പി പ്രസാദ്, ജി ആർ അനിൽ, എ കെ ശശീന്ദ്രൻ, പി രാജീവ്, കെ എൻ ബാലഗോപാൽ, കെ കൃഷ്ണൻകുട്ടി, സജി ചെറിയാൻ, പി എ മുഹമ്മദ് റിയാസ്, ഒ ആർ കേളു, എം പിമാരായ കെ രാധാകൃഷ്ണൻ, ഇ ടി മുഹമ്മദ്‌ ബഷീർ, പി പി സുനീർ, വി ശിവദാസൻ, ജോൺ ബ്രിട്ടാസ്, ജോസ് കെ മാണി, കൊടിക്കുന്നിൽ സുരേഷ്, രാജ് മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി, ബെന്നി ബഹന്നാൻ, എം കെ രാഘവൻ, അടൂർ പ്രകാശ്, കെ. ഫ്രാൻസിസ് ജോർജ്, വി. കെ ശ്രീകണ്ഠൻ, ഹാരിസ് ബീരാൻ, ഷാഫി പറമ്പിൽ എന്നിവർ യോഗത്തിൽ സംസാരിച്ചു.

ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ യോഗത്തിന് സ്വാഗതം ആശംസിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറിമാർ, സംസ്ഥാന പ്ലാനിങ് ബോർഡ് വൈസ് ചെയർപേഴ്സൺ, വകുപ്പ് സെക്രട്ടറിമാർ, ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Author

  • Pradeep Raman

    Pradeep Raman is a seasoned journalist, writer, and media professional from Kollam, Kerala. He holds a Master's in Political Science, a Master's in Mass Communication & Journalism, and has submitted his Ph.D. thesis. Pradeep has authored three acclaimed Malayalam books, exploring diverse social and political themes. Over the years, he has worked with major Malayalam dailies such as Madhyamam, Deshabhimani, Kerala Kaumudi, Janayugam, and Mangalam. He has also served as a panelist on Doordarshan, a news editor with All India Radio, and a regular columnist. Currently, he is the Chief Editor of Maulikam - Malayalam online news portal, continuing his active engagement in the media landscape of Kerala.

Similar Posts

Leave a Reply

Your email address will not be published. Required fields are marked *