സി. സദാനന്ദൻ മാസ്റ്റർ ഉൾപ്പെടെ നാലു പേർ രാജ്യസഭയിലേക്ക്
കണ്ണൂരിലെ അധ്യാപകനും സാമൂഹിക പ്രവർത്തകനുമായ സി. സദാനന്ദൻ മാസ്റ്റർ, പ്രശസ്ത അഭിഭാഷകൻ ഉജ്ജ്വൽ നികം, പരിചയസമ്പന്നനായ നയതന്ത്രജ്ഞൻ ഹർഷ് വർധൻ ശൃംഗ്ല, ചരിത്രകാരി ഡോ. മീനാക്ഷി ജെയിൻ എന്നിവരെ രാഷ്ട്രപതി ദ്രൗപതി മുർമു രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു.
2025 ജൂലൈ 12 ശനിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിൽ, മുമ്പ് നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളുടെ വിരമിക്കൽ മൂലമുണ്ടായ ഒഴിവുകൾ നികത്തുന്നതിനാണ് നാമനിർദ്ദേശങ്ങൾ നടത്തിയതെന്ന് പറയുന്നു.
സാഹിത്യം, ശാസ്ത്രം, കല, സാമൂഹിക സേവനം എന്നിവയിൽ പ്രത്യേക അറിവോ പ്രായോഗിക പരിചയമോ ഉള്ള അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ അധികാരപ്പെടുത്തുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 80(1)(a) പ്രകാരമുള്ള അധികാരങ്ങൾ രാഷ്ട്രപതി വിനിയോഗിച്ചു.
മുതിർന്ന അധ്യാപകനും സാമൂഹിക പ്രവർത്തകനുമായ സി സദാനന്ദൻ മാസ്റ്റർ വളരെക്കാലമായി ബിജെപിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട് നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റാണ് അദ്ദേഹം. 2021 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചിരുന്നു. കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്നും ജനവിധി തേടിയ അദ്ദേഹത്തിൻ്റെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം എത്തിയിരുന്നു. 1994 ൽ പെരിഞ്ചേരി എന്ന തന്റെ ഗ്രാമത്തിന് സമീപം സിപിഐ എം പ്രവർത്തകരുടെ ആക്രമത്തിൽ അദ്ദേഹത്തിന് രണ്ട് കാലുകളും നഷ്ടപ്പെട്ടിരുന്നു. ക്രൂരമായ രാഷ്ട്രീയ അതിക്രമത്തെ അതിജീവിച്ച സദാനന്ദൻ മാസ്റ്റർ കൃത്രിമ കാലുകളുടെ സഹോയത്തോടെ പൊതു പ്രവർത്തന രംഗത്ത് സജീവമാണ്.