ചുങ്കം കൂട്ടി; രൂപ ചുരുങ്ങി
ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം വന്‍തോതില്‍ ഇടിഞ്ഞു. ഡോളറിനെതിരെ 87.42 എന്ന നിരക്കിലെത്തുന്നത് സമീപ ആഴ്ചകളില്‍ ആദ്യമാണ്. ഈ വര്‍ഷം ഫെബ്രുവരിക്ക് ശേഷം ഇത്രയും രൂപ ഇടിയുന്നത് ആദ്യമാണ് എന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. ജൂലൈയില്‍ മാത്രം രൂപ 1.9 ശതമാനം ഇടിഞ്ഞു. ഇതിന് മുമ്പ് വലിയ ഇടിവ് രൂപ രേഖപ്പെടുത്തിയത് 2022 സെപ്തംബറില്‍ ആയിരുന്നു. ആ മാസം 2.32 ശതമാനമായിരുന്നു ഇടിവ്.
ക്രൂഡ് ഓയില്‍ വില ഇടിച്ചുകയറിയിട്ടുണ്ട്. സ്വര്‍ണവിലയും ഉയരുകയാണ്. ഇന്ത്യയ്‌ക്കെതിരെ അമേരിക്ക ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. റിസര്‍വ് ബാങ്ക് കൂടുതല്‍ ഡോളര്‍ വിറ്റഴിച്ച് രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്തുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. എങ്കിലും ഡോളര്‍ വലിയ കുതിപ്പ് നടത്തുന്നത് രൂപയുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നു.
ഇന്ന് മാത്രം ഡോളറിനെതിരെ 60 പൈസയാണ് താഴ്ന്നത് എന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയ്‌ക്കെതിരെ 20-25 ശതമാനം ഇറക്കുമതി ചുങ്കം ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതാണ് രൂപയുടെ ഇടിവിന് കാരണം. ഇന്ത്യയും അമേരിക്കയും ഇക്കാര്യത്തില്‍ അന്തിമ തീരുമനത്തില്‍ എത്തിയിട്ടില്ല. 15 ശതമാനത്തില്‍ താഴെയാക്കണം എന്നാണ് ഇന്ത്യയുടെ ആവശ്യം. അടുത്ത മാസം ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കും.
ക്രൂഡ് വില കുത്തനെ വര്‍ധിച്ചതാണ് രൂപയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ആവശ്യമുള്ള 85 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ ഇക്കാര്യത്തില്‍ കൂടുതല്‍ ഡോളര്‍ ചെലവഴിക്കേണ്ട അവസ്ഥയായി. ഇതോടെ രൂപയുടെ മൂല്യം കുറഞ്ഞു. ബ്രെന്റ് ക്രൂഡ് ബാരലിന് 71 ഡോളര്‍ പിന്നിട്ടു. ഏറെ നാള്‍ക്ക് ശേഷമാണ് ക്രൂഡ് വില ഇത്രയും ഉയരുന്നത്. ക്രൂഡ് വില ഇനിയും ഉയര്‍ന്നാല്‍ രൂപ വീണ്ടും താഴും.രൂപ ഇടിയുമ്പോള്‍ രണ്ട് കൂട്ടര്‍ക്ക് നേട്ടം
പ്രവാസികള്‍ക്ക് വലിയ നേട്ടമാണ് രൂപയുടെ മൂല്യം ഇടിയുന്നത്. കാരണം അവര്‍ നാട്ടിലേക്ക് അയക്കുന്ന തുകയ്ക്ക് കൂടുതല്‍ മൂല്യം ലഭിക്കും. കഴിഞ്ഞ മാസം ഒരു ഡോളര്‍ നാട്ടിലേക്ക് അയച്ചവര്‍ക്ക് 85 രൂപ കിട്ടിയിരുന്നു എങ്കില്‍ ഇപ്പോള്‍ അയക്കുന്നവര്‍ക്ക് 87 രൂപയ്ക്ക് മുകളില്‍ ലഭിക്കും. ഗള്‍ഫ് പ്രവാസികള്‍ക്കും നേട്ടമാണ്. രൂപ ദിര്‍ഹം വിനിമയ മൂല്യം 23:62 ആയി എന്ന് ലുലു മണി കണക്കുകള്‍ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് പറയുന്നു. ഇതില്‍ നേരിയ വ്യത്യാസത്തിന് സാധ്യതയുണ്ട്.
ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്കും രൂപയുടെ മൂല്യം ഇടിയുന്നത് നേട്ടമാണ്. അതേസമയം, ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നവര്‍ക്ക് പ്രതിസന്ധി വര്‍ധിക്കും. കൂടുതല്‍ തുക നല്‍കി വസ്തുക്കള്‍ ഇറക്കേണ്ട അവസ്ഥയാണ് അവര്‍ക്ക്. ഇന്ത്യയിലേക്ക് കൂടുതലായി വരുന്ന ക്രൂഡ് ഓയില്‍, സ്വര്‍ണം, ഇലക്ട്രോണിക് വസ്തുക്കള്‍ എന്നിവയ്‌ക്കെല്ലാം വില ഇനിയും കൂടാനാണ് സാധ്യത. സ്വര്‍ണത്തിന് ഇന്ന് വില കൂടി. നേരത്തെ ഭവന, വാഹന വായ്പ എടുത്ത പ്രവാസികള്‍ക്ക് രൂപയുടെ മൂല്യം ഇടിയുന്നത് നേട്ടമാണ്.
ഇറക്കുമതിയേക്കാള്‍ കൂടുതല്‍ കയറ്റുമതി നടത്തുമ്പോഴാണ് രാജ്യം വലിയ കുതിപ്പ് രേഖപ്പെടുത്തുക. എന്നാല്‍ രൂപയുടെ മൂല്യം ഇടിയുമ്പോള്‍ മറിച്ച് സംഭവിക്കും. ഇത് രാജ്യത്തിന്റെ വ്യാപാര കമ്മി വര്‍ധിക്കാന്‍ ഇടയാക്കും. സെപ്തംബറില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്ന എണ്ണയുടെ വില സൗദി അറേബ്യ കൂട്ടാന്‍ ആലോചിക്കുന്നു എന്ന വാര്‍ത്തകളും വരുന്നുണ്ട്. ഇത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകും. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിന്റെ ഭാവി അനുസരിച്ചാകും രൂപയുടെ മൂല്യത്തില്‍ ഇനി മാറ്റം വരിക.