ഇറാൻ – ഇസ്രായേൽ സംഘർഷം; ഗൾഫ് , യൂറോപ്പ് വിമാന സർവീസുകൾ പുനരാരംഭിക്കുന്നു
ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ സാധാരണ നിലയിലായതായി എയർ ഇന്ത്യയും എയർലൈൻസും ഇൻഡിഗോയും അറിയിച്ചു. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷങ്ങളെ തുടർന്ന് നിർത്തിവച്ചിരുന്ന വിമാന സർവീസുകൾ വീണ്ടും ഷെഡ്യൂൾ പ്രകാരം പ്രവർത്തിക്കും. ഞായറാഴ്ച ഇസ്രയേൽ വ്യോമാതിർത്തി വീണ്ടും തുറന്നതിനു തൊട്ടുപിന്നാലെയാണ് സർവീസുകൾ പുനരാരംഭിക്കുന്നത്. ഇസ്രയേൽ -ഇറാൻ സംഘർഷത്തെ തുടർന്ന് മിഡിലീസ്റ്റ് ഉടനീളം വ്യാപകമായ റദ്ദാക്കലുകൾ ഉണ്ടായി. ഇതുമൂലം കുടുങ്ങിക്കിടന്ന പതിനായിരക്കണക്കിന് യാത്രക്കാരെ സർവീസുകൾ പുനരാരംഭിക്കുന്നതോടെ സഹായിക്കാനാണ് ലക്ഷ്യം.
ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഏറെക്കുറെ സ്ഥിരത കൈവരിച്ചതായി ഇൻഡിഗോ എയർലൈൻ വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങളിലേക്കും പുറത്തേക്കും സർവീസ് നടത്തുന്ന വിമാനങ്ങൾ ഇപ്പോൾ ഷെഡ്യൂൾ പ്രകാരം പ്രവർത്തിക്കുന്നതായി എയർലൈൻസ് സ്ഥിരീകരിച്ചു. എന്നിരുന്നാലും ഇറാനിയൻ വ്യോമാതൃതിയിൽ തുടർച്ചയായ നിയന്ത്രണങ്ങൾ ഉള്ളതിനാൽ ചില വിമാനങ്ങൾ ഇപ്പോഴും ഇതര റൂട്ടുകൾ തെരഞ്ഞെടുത്തേക്കാം. ഇത് യാഥാർത്ഥ യാത്ര ദൈർഘ്യം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. തൽസമയ അപ്ഡേറ്റുകൾക്കായി യാത്രക്കാർ അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് സൂക്ഷ്മമായി നിരീക്ഷിക്കാൻ നിർദ്ദേശമുണ്ട് .
അതേസമയം എയർ ഇന്ത്യയും ഈ മേഖലയിലേക്കുള്ള സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു . മിഡിൽ ഈസ്റ്റിന്റെ ചില ഭാഗങ്ങളിൽ വ്യോമാതൃതികൾ ക്രമേണ വീണ്ടും തുറന്നതിനാൽ എയർ ഇന്ത്യ ഇന്നുമുതൽ സർവീസുകൾ പുനരാരംഭിക്കും. മിഡിലീസ്റ്റിലേക്കും തിരിച്ചുമുള്ള സർവീസുകൾ ജൂൺ 25 മുതൽ പുനരാരംഭിക്കുമെന്ന് എയർലൈൻ വക്താവ് പറഞ്ഞു. മുമ്പ് റദ്ദാക്കിയിരുന്ന യൂറോപ്പിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഇന്ന് മുതൽ പുന:സ്ഥാപിക്കും. അതേസമയം അമേരിക്കയുടെയും കാനഡയുടെയും കിഴക്കൻ തീരത്തേക്കുള്ള സർവീസുകൾ എത്രയും വേഗം പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു