ദുരന്ത സ്മൃതികളും പേറി പുതുവർഷത്തെ വരവേൽക്കാൻ മലയാളി

മലയാളിയുടെ ചരിത്രത്തിൽ ഒരിക്കലും മായ്ക്കാൻ ആവാത്ത മുറിവുകളാണ് പ്രകൃതി ഉരുൾ പൊട്ടലിന്റെ രൂപത്തിൽ 2024 – ൽ കേരളത്തിന് നൽകിയത്.
കഴിഞ്ഞ 2024 ഓഗസ്റ്റിൽ വയനാട്ടിൽ പ്രകൃതി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടത് നൂറുകണക്കിന് മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കുമാണ്. മനസ്സിനെ പിടിച്ചുലയ്ക്കുന്ന എത്രയോ ചിത്രങ്ങൾ… ഒരിക്കലും അവ ഓര്മകളിൽനിന്നും മാഞ്ഞുപോകില്ല. അത്രയേറെ ദൈന്യതയും വേദനയും ഹൃദയത്തിൽ നിറച്ചാണ് വയനാട്ടിൽ നിന്ന് വന്ന വാർത്തകളും വാർത്ത ചിത്രങ്ങളും കടന്നുപോയത്.
നദിയിൽ ഒഴുകി നടന്ന തിരിച്ചറിയാനാകാത്ത മനുഷ്യ ശരീരങ്ങളും, വാഹനങ്ങൾ, വീട്ടുപകരണങ്ങൾ, ഉറ്റവരെ ഓർത്തു വിലപിക്കുന്ന ബന്ധുക്കൾ, അമ്മമാർ, കുഞ്ഞുങ്ങൾ, ഇനിയും കണ്ടെത്താനാകാത്ത പ്രിയപ്പെട്ടവർ – അങ്ങനെയെന്തെല്ലാം . .
ഒരു പരിധി വരെ മനുഷ്യന്റെ ചൂഷണങ്ങളും, പ്രകൃതിയെടെ മേൽ ആധിപത്യം നേടാനുള്ള മനുഷ്യവാസനയും വയനാട് ദുരന്തത്തിന് കാരണമായിരിക്കാം . എങ്കിലും ഇത്രയേറെ ദുർബല പ്രദേശത്തെ അപകടസാധ്യത മുൻകൂട്ടി കണ്ടെത്താനും ജനങ്ങളെ മാറ്റിപാർപ്പിക്കുന്നതുൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിക്കാനും ഇത്രയേറെ വികസിച്ച ശാസ്ത്ര – സാങ്കേതിക വിദ്യക്ക് കഴിഞ്ഞില്ല എന്നത് അത്ഭുതം മാത്രമല്ല, നിരാശാജനകവുമാണ് . വലിയ പരാജയം തന്നെയാണ്.
ഇനിയെങ്കിലും ഇത്തരം ദുരന്തങ്ങൾ മുൻകൂട്ടി കണ്ടു മുൻകരുതലുകൾ സ്വീകരിക്കാനും ജനങ്ങളെ ബോധവത്കരിക്കാനും തദ്വാരാ, അപകടങ്ങളുടെ തീവ്രത കഴിവതും കുറയ്ക്കാനും സർക്കാരും, സർക്കാർ ഉദ്യോഗസ്ഥരും , സന്നദ്ധ സംഘടനകളും ശുഷ്കാന്തിയോടെ പ്രവർത്തിക്കുമെന്നു പ്രതീക്ഷിക്കാം . അങ്ങനെ ആകാൻ പ്രത്യാശിക്കാം . ഒപ്പം ജീവനും , ഉറ്റവരും ഉടയവരും വീടും , മണ്ണും, നാടും, സമ്പാദ്യങ്ങളും, എല്ലാമെല്ലാം നഷ്ട്ടപ്പെട്ട നിരാലംബരായ ഒരു കൂട്ടം മനുഷ്യരെ ഓർത്തു കണ്ണീർ വർക്കാതെ , അവരുടെ പുനരധിവാസത്തിനായി നമുക്ക് ഒരുമിച്ചു പ്രവർത്തിക്കാം.
പുതുവത്സരാശംസകൾ