മിഥുന്റെ അമ്മയെത്തും , സംസ്കാരം നാളെ
കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ മനുവിനാണ് ഇന്നലെ സ്‌കൂളില്‍ വച്ച് ദാരുണാന്ത്യം സംഭവിച്ചത്. സ്‌കൂളിലെ സൈക്കിള്‍ ഷെഡിനു മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ ഷെഡിന് മുകളില്‍ കയറിയപ്പോഴാണ് അതുവഴി കടന്നു പോകുന്ന വൈദ്യുതി ലൈനില്‍ തട്ടി ദാരുണമായ അപകടം സംഭവിച്ചത്.
മിഥുന്റെ മരണം സംസ്ഥാനത്തിന്റെയാകെ വേദനയായി മാറിയിരിക്കുകയാണ്. തീരെ ദരിദ്രമായ പശ്ചാത്തലത്തിലുള്ളതാണ് മിഥുന്റെ കുടുംബം. രാവിലെ സ്‌കൂളില്‍ പോയ മകനെ ജീവനില്ലാത്ത ശരീരമായി കാണേണ്ടി വന്നതിന്റെ നടുക്കത്തിലാണ് ഇപ്പോഴും മിഥുന്റെ അച്ഛനും മുത്തശ്ശിയുമൊക്കെ. കുടുംബത്തിന്റെ പട്ടിണി അകറ്റാന്‍ വിദേശത്തു പോയ അമ്മ സുജയെയും ഏറെ പ്രയാസപ്പെട്ടാണ് വിവരം അറിയിച്ചത്. സുജ നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്‌കാരം. അതുവരെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും.
സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ ഇന്ന് സ്‌കൂളില്‍ എത്തി മരണം സംബന്ധിച്ച വിശദാംശങ്ങള്‍ തേടും. പൊതുവിദ്യാഭ്യാസ ഡയറക്ടറും ഇന്ന് സ്‌കൂളിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ കടുത്ത നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ശാസ്താംകോട്ട പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രധാനാധ്യാപിക സസ്പെന്‍ഷന്‍ നേരിടേണ്ടി വരുമെന്നാണ് ഇപ്പോള്‍ വരുന്ന വിവരം. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം കര്‍ശന നടപടികളിലേക്ക് കടക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സംഭവത്തില്‍ സ്‌കൂളിനും കെഎസ്ഇബിക്കും പഞ്ചായത്തിനും ഗുരുതര വീഴ്ച്ച ഉണ്ടായിട്ടുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. സ്‌കൂള്‍ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ നിയന്ത്രണത്തിലാണ്.
വൈദ്യുതി ലൈനിന് തൊട്ടുതാഴെ ഷെഡ് പണിതത് നിയമവിരുദ്ധമാണ്. കെട്ടിടത്തിന് പഞ്ചായത്താണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ അനുമതി വാങ്ങാതെയാണ് ഷെഡ് നിര്‍മിച്ചതെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം. ഇക്കാര്യങ്ങളില്‍ എല്ലാം അന്വേഷണമുണ്ടാവും.
സ്‌കൂള്‍ അധികൃതര്‍ക്ക് ഉണ്ടായ വീഴ്ചയില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അപകടത്തില്‍ വിദ്യാഭ്യാസ വകുപ്പിനും ഉത്തരവാദിത്വം ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ടത് അനാസ്ഥ കൊണ്ട് മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.