വേടനെതിരെ ബലാൽസംഗ കേസ്
റാപ്പർ വേടനെതിരെ (ഹിരൺ ദാസ് മുരളി) ബലാത്സംഗ കേസ്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് കാണിച്ച് യുവഡോക്ടറാണ് പരാതി നൽകിയത്. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ചുവരെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയിൽ കൊച്ചി തൃക്കാക്കര പോലീസ് കേസെടുത്തു.
ഐപിസി 376 പ്രകാരമാണ് വേടനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുവതിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി.നേരത്തേ വേടനെതിരെ ലൈംഗിക പീഡന ആരോപണം ഉയർന്നിരുന്നു. വിമൺ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന പേജിലൂടെയായിരുന്നു ആരോപണം. സംഭവം വിവാദമായതോടെ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ വേടൻ മാപ്പ് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഈ മാപ്പ് ഇയാൾ നീക്കം ചെയ്തു.
അടുത്തിടെ നടൻ കഞ്ചാവ് കേസിൽ അറസ്റ്റിലായപ്പോൾ വലിയ തോതിൽ ഇത് സംബന്ധിച്ച് ചർച്ച നടന്നിരുന്നു. വേടനെ സർക്കാർ ഉൾപ്പെടെ പിന്തുണയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പീഡനാരോപണം നേരിടുന്ന ആളെ മഹത്വവത്കരിക്കുന്നത് യുവതിയോട് ചെയ്യുന്ന ക്രൂരതയാണെന്നുമാണ് ഒരു വിഭാഗം സ്ത്രീകൾ ചൂണ്ടിക്കാട്ടിയത്.