വീണ്ടും നിപമരണം: ജാഗ്രതാ നിർദ്ദേശം
സംസ്ഥാനത്ത് വീണ്ടും നിപ മരണമുണ്ടായതാണ് ഇന്നത്തെ പ്രധാന വാര്‍ത്ത. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച അമ്പതുകാരനാണ് നിപ്പ സ്ഥിരീകരിച്ചത്. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയാണ് ശനിയാഴ്ച വൈകീട്ട് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചു. മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍നിന്ന് റഫര്‍ ചെയ്ത രോഗി കടുത്ത ശ്വാസതടസത്തോടെ വെള്ളിയാഴ്ച വൈകുന്നേരമാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. നിപ ലക്ഷണങ്ങളുമായി സാമ്യം തോന്നിയതിനാല്‍ പ്രത്യേകം സജ്ജീകരിച്ച ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ഐസൊലേറ്റ് ചെയ്താണ് ചികിത്സിച്ചത്.
രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരോട് ക്വാറന്റീനില്‍ പ്രവേശിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. നിപ മരണം സംഭവിച്ചതോടെ ആരോഗ്യവകുപ്പ് കൂടുതല്‍ ജാഗ്രതയിലേക്ക് കടന്നു.