‘ അമ്മ ‘പരസ്യ പ്രതികരണം വിലക്കി
കൊച്ചി: വരുന്ന ഓഗസ്റ്റ് 15-നാണ് താര സംഘടനയായ അമ്മയില്‍ ഭാരവാഹി തിരഞ്ഞെടുപ്പ് നടക്കുന്നത്. അമ്മയുടെ ചരിത്രത്തില്‍ ഇന്നോളം ഇല്ലാത്ത വിധം ഭിന്നതയാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അംഗങ്ങള്‍ക്ക് ഇടയിലുള്ളത്. ഇതിനകം പല നാടകീയ നീക്കങ്ങള്‍ക്കും ചലച്ചിത്ര ലോകം സാക്ഷ്യം വഹിച്ചു. മത്സരത്തിനും വിവാദത്തിനും ഇല്ലെന്നു പറഞ്ഞ് സൂപ്പര്‍ താരങ്ങളും യുവ താരങ്ങളും പിന്മാറി നില്‍ക്കുകയാണ്. ഈ ഘട്ടത്തിലാണ് മറ്റ് അംഗങ്ങള്‍ തിരഞ്ഞെടുപ്പിന്റെ പേരില്‍ പരസ്പരം ചെളി വാരിയെറിയുന്നത്. അമ്മയിലെ മുതിര്‍ന്ന വനിതാ അംഗങ്ങള്‍ തമ്മിലും വലിയ ഭിന്നതയാണ് നിലനില്‍ക്കുന്നത്.
അമ്മയ്ക്ക് ആദ്യമായി ഒരു വനിതാ സാരഥി ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ശ്വേതാ മേനോനാണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. എതിരാളിയായി ദേവനും. തിരഞ്ഞെടുപ്പ് പ്രചാരണം ചൂടു പിടിച്ച് വരവേയാണ് അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ചു എന്ന ആരോപണം ഉന്നയിച്ച് ശ്വേതക്കെതിരെയുള്ള പരാതി കോടതിയില്‍ എത്തുന്നത്. പരാതിക്കു പിന്നില്‍ ബാബുരാജ് ആണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും അന്തരീക്ഷത്തില്‍ ഉയര്‍ന്നു.
ഈ വിഷയത്തിലും അംഗങ്ങള്‍ക്കിടയില്‍ രൂക്ഷമായ വാക്ക് തര്‍ക്കമാണ് നടക്കുന്നത്. ബാബുരാജിനെ പിന്തുണച്ചും എതിര്‍ത്തും വനിതാ അംഗങ്ങള്‍ പരസ്യമായി രംഗത്തെത്തി. ഇതിനൊപ്പം ആണ് മെമ്മറി കാര്‍ഡ് വിവാദവും ഉയരുന്നത്. 2018ലെ മീ ടു വിവാദ സമയത്ത് അമ്മയിലെ വനിതാ അംഗങ്ങള്‍ നടത്തിയ തുറന്നുപറച്ചിലുകള്‍ റെക്കോര്‍ഡ് ചെയ്ത് മെമ്മറി കാര്‍ഡാണ് വിവാദത്തിനുള്ള കാരണം. ഇതിന്റെ പേരില്‍ പൊലീസില്‍ പരാതി കൊടുക്കുന്നതു വരെയെത്തി കാര്യങ്ങള്‍.
അംഗങ്ങള്‍ തമ്മിലുള്ള പോര് മാധ്യമങ്ങളിലും വന്നതോടെ പൊതുസമൂഹത്തില്‍ അമ്മയുടെ സല്‍പേരിന് വലിയ കളങ്കം ഉണ്ടായതായി സംഘടനയില്‍ പൊതുവേ അഭിപ്രായമുണ്ട്. മാധ്യമങ്ങളില്‍ പരസ്പരമുള്ള ചെളി വാരിയെറിയല്‍ തുടര്‍ന്നതോടെ ആഭ്യന്തര വിഷയങ്ങള്‍ പുറത്ത് ചോരാതിരിക്കാന്‍ കര്‍ശന നടപടികളാണ് തിരഞ്ഞെടുപ്പ് വരണാധികാരികള്‍ സ്വീകരിക്കുന്നത്. തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കേയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
വിലക്ക് ലംഘിച്ചാല്‍ കര്‍ശനം നടപടിയെടുക്കും എന്നാണ് സംഘടനയിലെ അംഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ആഭ്യന്തര വിഷയങ്ങളും തകര്‍ക്കങ്ങളും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ സംസാരിക്കുന്നതിനാണ് വിലക്കുള്ളത്. മത്സര രംഗത്തുള്ളവര്‍ക്കും മറ്റ് അംഗങ്ങള്‍ക്കും നിര്‍ദേശം ബാധകമാണ്. ഇനി പരസ്യ പ്രതികരണങ്ങള്‍ തിരഞ്ഞെടുപ്പിന് ശേഷം മാത്രം മതി എന്നാണ് നിര്‍ദേശമുള്ളത്.