ആയൂരിൽ കടയുടമയും ജീവനക്കാരിയും തൂങ്ങി മരിച്ചു
കൊല്ലം :ആയൂരിൽ ലാവീഷ് എന്ന ടെക്സ്റ്റൈൽ ഷോപ്പ് ഉടമയും, ടെക്സ്റ്റൈൽസിലെ തന്നെ മാനേജർ ആയിരുന്ന യുവതിയെയും കടക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രാവിലെ ഷോപ്പിലെത്തിയ ജീവനക്കാരാണ് ഷോപ്പിനുള്ളിലെ ഫാനുകളിൽ തൂങ്ങിമരിച്ച നിലയിൽ ഇരുവരെയും കണ്ടെത്തിയത്.
മലപ്പുറം സ്വദേശിയായ അലിയും പള്ളിക്കൽ സ്വദേശിനിയായ ദിവ്യ മോളുമാണ് ആത്മഹത്യ ചെയ്തത്. ഇരുവരും പ്രണയത്തിൽ ആയിരുന്നുവെന്ന് കടയിലെ മറ്റു ജീവനക്കാർ വെളിപ്പെടുത്തി. രണ്ട് പെൺകുട്ടികളുടെ അമ്മയായ ദിവ്യ മോൾ അലിയുടെ ഉടമസ്ഥതയിലുള്ള കൊല്ലം ആയൂരിലെ ലാവീഷ് എന്ന ടെക്സ്റ്റൈൽസിലെ മാനേജർ ആയിരുന്നു. ഒരു വർഷം മുമ്പാണ് ആയൂരിൽ ലാവീഷ് എന്ന ടെക്സ്റ്റൈൽസ് പ്രവർത്തനമാരംഭിച്ചത്.
ചടയമംഗലത്ത് അലിയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു ദിവ്യ മോൾ. ലാവീഷ് പ്രവർത്തനമാരംഭിച്ചതിനു ശേഷം ഇങ്ങോട്ട് മാനേജരായി എത്തിയതായിരുന്നു. ടെക്സ്റ്റൈൽസിലേക്ക് ആവശ്യമായ തുണിത്തരങ്ങൾ എടുക്കാൻ ബെംഗളൂരു, കോയമ്പത്തൂർ, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് അലിയും ദിവ്യയും ഒരുമിച്ച് പോകുന്നത് പതിവായിരുന്നു. തലേദിവസം ദിവ്യ മോൾ വീട്ടിൽ എത്തായിരുന്നപ്പോൾ അത്തരത്തിൽ എന്തെങ്കിലും പർച്ചേസിങ്ങിന് പോയതായിരിക്കും എന്നാണ് ദിവ്യ മോളുടെ വീട്ടുകാർ കരുതിയത്. എന്നാൽ പിന്നീട് ഷോപ്പിനുള്ളിൽ രണ്ട് ഫാനുകളിലായി തൂങ്ങിമരിച്ച നിലയിൽ ഇവരെ കണ്ടെത്തുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് തുടർ നടപടികൾ പൂർത്തിയാക്കി മൃതശരീരങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി.