ചൈന രാഹുലിന് സ്വകാര്യ ട്യൂഷൻ കൊടുക്കുന്നു: വിദേശകാര്യമന്ത്രി
ഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ രൂക്ഷവിമർശനവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പാക്കിസ്ഥാനും ചൈനയും ഒരേ നെക്സസ് ആണെന്ന് രാഹുൽ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം. പാക് അധിനിവേശ കാശ്മീർ കോൺഗ്രസ് സർക്കാർ വിട്ട് കൊടുത്തതിനാലാണ് ഇരുരാജ്യങ്ങളും കൈകോർത്ത് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഹുലിനെ ‘ചൈന ഗുരു’ എന്നും മന്ത്രി പരിഹസിച്ചു. യു പി എ ഭരണകാലത്ത് സംഭവിച്ച തെറ്റുകൾക്ക് രാജ്യം ഇന്ന് വില നൽകേണ്ടി വരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് രാജ്യസഭയിൽ വിശദീകരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ചൈനീസ് അംബാസഡറിൽ നിന്ന് രാഹുൽ ഗാന്ധി സ്വകാര്യ ട്യൂഷൻ എടുക്കുന്നുണ്ട്. ചൈനീസ് സന്ദർശന വേളയിൽ തീവ്രവാദം, വ്യാപാര നിയന്ത്രണങ്ങൾ, പ്രശ്നപരിഹാരം തുടങ്ങിയ വിഷയങ്ങൾ ഞാൻ ചർച്ച നടത്തിയിരുന്നു. ഇവിടുത്തെ ആളുകളെ പോലെ എനിക്ക് രഹസ്യ കൂടിക്കാഴ്ചകളൊന്നും ഉണ്ടായിരുന്നില്ല. ചൈന ഗുരുവിന് മാത്രമേ അത്തരം കൂടിക്കാഴ്ചകൾ ഉണ്ടാകൂ’, ജയശങ്കർ വിമർശിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്രപരമായ ഇടപെടലുകൾ ആഗോളതലത്തിൽ ഭീകരവാദത്തിനെതിരായ ചർച്ചകൾക്ക് വഴിവെച്ചു. പാകിസ്താനുമേൽ വ്യാപാരപരവും നയതന്ത്രപരവുമായ സമ്മർദ്ദങ്ങൾ നമ്മൾ ചെലുത്തിയിട്ടുണ്ട്.പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ (ആർടിഎഫ്) എന്ന സംഘടനയെ ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് ആദ്യമായി പേരെടുത്തു പരാമർശിച്ചു. ഇന്ത്യയിലേക്ക് റാണയെ തിരിച്ചെത്തിക്കാൻ നമ്മുക്ക് സാധിച്ചത് വലിയൊരു നേട്ടമാണ്.
ഭീകരാക്രമണങ്ങളിൽ പങ്കാളിയായ റാണക്കെതിരെ ഇവിടെ വിചാരണ നടക്കുകയാണ്. നിയമപരമായും നയതന്ത്രപരമായും ഇതൊരു സുപ്രധാന നാഴികക്കല്ലാണ്. സൂദ് അസർ, അബ്ദുൾ റഹ്‌മാൻ മക്കി തുടങ്ങിയ ഭീകരരെ ആഗോള ഭീകരരായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചു. ഇന്ത്യയെ സംബന്ധിച്ച് അതും വലിയൊരു നയതന്ത്ര വിജയമായിരുന്നു.ചൈന പലതവണ ഇതിനെ എതിർത്ത് വോട്ട് ചെയ്തിരുന്നു.
മുംബൈ ഭീകരാക്രമണം (26/11), ലണ്ടൻ സ്ഫോടനങ്ങൾ തുടങ്ങിയ വിനാശകരമായ ആക്രമണങ്ങൾ ഉണ്ടായിട്ടും അന്നത്തെ യു പി എ സർക്കാർ പാകിസ്ഥാനുമായി ചർച്ചകൾ തുടർന്നു.പാകിസ്ഥാനിലെ ബഹാവൽപൂർ, മുറിദ്‌കെ തുടങ്ങിയ പ്രദേശങ്ങൾ ഭാരതത്തിനെതിരായ പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങൾ മാത്രമല്ല, ആഗോള ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രങ്ങളായി മാറിയെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ഭീകരവാദം അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ പുനഃസ്ഥാപിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.