വരുന്നു….. രോഹിത് വെമുല ബിൽ കർണാടകത്തിൽ
വർഷകാല സമ്മേളനത്തിൽ ‘രോഹിത് വെമുല’ ബിൽ അവതരിപ്പിക്കാനൊരുങ്ങി കർണാടക സർക്കാർ. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജാതി വിവേചനങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ളതാണ് ബിൽ. നിയമലംഘനം കണ്ടെത്തിയാൽ 3 വർഷം വരെ തടവും 1 ലക്ഷം രൂപ പിഴയും അടക്കമുള്ള കടുത്ത വ്യവസ്ഥകളാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്.
പട്ടികജാതി (എസ് സി), പട്ടികവർഗ്ഗം (എസ് ടി), പിന്നാക്ക (ഒ ബി സി), ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ളതാണ് ബിൽ. ഈ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശനo നിഷേധിക്കുകയോ ഇവരിൽ നിന്നും പണം ആവശ്യപ്പെടുകയോ മികച്ച പഠന സാഹചര്യം ഒരുക്കാതിരിക്കുകയോ ചെയ്താൽ നടപടി നേരിടേണ്ടി വരും.
നിയമത്തിന് കീഴിലുള്ള കുറ്റങ്ങൾക്ക് ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യും. വിവേചനം കാണിക്കുന്നവർക്കും അതിന് ഒത്താശ ചെയ്യുന്നവർക്കും ശിക്ഷ ഉറപ്പാക്കും.
കുറ്റകൃത്യങ്ങളിൽ വേഗത്തിലുള്ള വിചാരണ ഉറപ്പാക്കാൻ സ്പെഷ്യൽ കോടതികൾ സ്ഥാപിക്കും. കൂടാതെ ഓരോ സ്പെഷ്യൽ കോടതികളിലും ഹൈക്കോടതിയുടെ ഓരോ ബെഞ്ചിനും ഓരോ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും. .
നിയമലംഘനം നടത്തിയാൽ ഒരു വർഷം വരെ തടവും 10,000 രൂപ പിഴയും ലഭിക്കും. ഇരയ്ക്ക് ഒരു ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകാനും ബിൽ വ്യവസ്ഥ ചെയ്യുന്നു. അതേസമയം കുറ്റകൃത്യം ആവർത്തിച്ചാൽ മൂന്ന് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷയായി ലഭിക്കും. വിദ്യാർത്ഥികളോട് ജാതി-മത-ലിംഗ-സമുദായിക വിവേചനം കാണിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരും. കൂടാതെ സർക്കാർ ഗ്രാന്റുകൾ നഷ്ടമാകാനും കാരണമാകും.
കോൺഗ്രസിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ‘രോഹിത് വെമുല’ ബിൽ. ജാതിവിവേചനത്തെ തുടർന്ന് 2016 ൽ ആത്മഹത്യ ചെയ്ത ഹൈദരാബാദ് സർവ്വകലാശാല വിദ്യാർത്ഥിയായ രോഹിത് വെമുലയുടെ പേരാണ് ബില്ലിന് നൽകിയത്. ബിൽ എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇക്കഴിഞ്ഞ ഏപ്രിലിൽ ലോക്സഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചിരുന്നു.