സൂംബാ നൃത്തം; മതസംഘടനകളുടെ പ്രതിഷേധവും സർക്കാരിന്റെ ന്യായീകരണവും
തിരുവനന്തപുരം : പെൺകുട്ടികളും ആൺകുട്ടികളും ഇടകലർന്നും അൽപമാത്ര വസ്ത്രം ധരിച്ചും ഒരുമിച്ച് നൃത്തം ചെയ്യുന്നതിന് മതസംഘടനകൾ എതിർപ്പ് സജീവമാക്കി. ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി സ്കൂളുകളിൽ ഫിറ്റ്നസ് പ്രോഗ്രാം അവതരിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം വന്നതോടെയാണ് വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്നത്. ഈ അധ്യയന വർഷം മുതൽ പല സ്കൂളുകളിലും സൂംബാ പരിശീലനം നൽകാൻ സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്.
തന്റെ മകൻ ഇതിൽ പങ്കെടുക്കുകയില്ലെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറിയും അധ്യാപകനുമായ ടി കെ അഷറഫ് വ്യക്തമാക്കി . ഈ നീക്കം വ്യക്തിസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നാക്രമണവും ശാരീരിക ക്ഷമതയുടെ പേരിൽ അശ്ലീലം അടിച്ചേൽപ്പിക്കലും ആണെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി പ്രതികരിച്ചു. സൂമ്പ നൃത്തം സർക്കാർ സ്കൂളുകളിൽ നടപ്പിലാക്കിയിട്ടുണ്ട്. മുതിർന്ന കുട്ടികളോട് പോലും ഈ നൃത്തം ചെയ്യാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അത് പ്രതിഷേധാർഹം ആണെന്നും കൂടത്തായി കൂട്ടിച്ചേർത്തു.
അതേസമയം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സുംബാ നൃത്തത്തെ ന്യായീകരിച്ചു. കാസർഗോഡ് തൻവീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള ഒരു വീഡിയോ ദൃശ്യം പുറത്തുവിട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു – കുട്ടികൾ കളിക്കട്ടെ ,ചിരിക്കട്ടെ, ആസ്വദിച്ച് ആരോഗ്യത്തോടെ വളരട്ടെ എന്ന കുറിപ്പോടെയാണ് ശിവൻകുട്ടി ദൃശ്യം പുറത്തുവിട്ടത്. ഇത്തരം എതിർപ്പുകൾ മയക്കുമരുന്നതിനേക്കാൾ മാരകമായ വിഷമാണ് മനുഷ്യ മനസ്സുകളിൽ കുത്തിവയ്ക്കുന്നത് . കുട്ടികളോട് കുറഞ്ഞ വസ്ത്രം ധരിക്കാൻ ആരും നിർദ്ദേശം നൽകിയിട്ടില്ല. സ്കൂൾ യൂണിഫോം ധരിച്ചാണ് കുട്ടികൾ പ്രകടനം നടത്തുന്നത് – മുസ്ലിം സംഘടനകളിൽ നിന്നുള്ള എതിർപ്പിനെ കുറിച്ച് മന്ത്രി ഇങ്ങനെ പ്രതികരിച്ചു.
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം കുട്ടികൾ സർക്കാർ നിർദ്ദേശിക്കുന്ന പഠന-പഠനേതര പ്രവർത്തനങ്ങളിൽ പങ്കെടുക്കണമെന്ന് ശിവൻകുട്ടി പറഞ്ഞു. മാതാപിതാക്കൾക്ക് ഈ കാര്യത്തിൽ എതിർക്കാൻ മറ്റു കാര്യം ഒന്നും ഇല്ല . മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്റെയും ബോധവൽക്കരണത്തിന്റെയും ഭാഗമായിട്ടാണ് ഇത് നടത്തുന്നതെന്ന് രക്ഷിതാക്കൾ മനസ്സിലാക്കണം. ഇത്തരം എതിർപ്പുകൾ നമ്മുടെ സമൂഹത്തിൽ മയക്കുമരുന്നിനേക്കാൾ വിഷം പടർത്തും. ഇത് വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് പകരം വർഗീയതയ്ക്കും ഭിന്നതകൾക്കും വഴിയൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു . സുംബാ സെഷനുകൾ സ്വയമേ ഉള്ളതാണെന്നും വിദ്യാർത്ഥികളെ അക്കാദമിക സമ്മർദ്ദത്തെ നേരിടാനും മയക്കുമരുന്ന് ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനുമാണ് ഇത് അവതരിപ്പിച്ചതെന്നും വിദ്യാഭ്യാസ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.