മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: അന്വേഷണം മൂന്ന് മാസത്തിനുള്ളിൽ തീർക്കണമെന്ന് ഹൈക്കോടതി
എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യപ്രതിയായ തട്ടിപ്പ് കേസിന്റെ അന്വേഷണം വേഗത്തിലാക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. എസ്എന്‍ഡിപി മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസിലാണ് ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം മൂന്ന് മാസത്തിനകം പൂര്‍ത്തീകരിക്കാനാണ് നിര്‍ദേശം. എസ്പി എസ്.ശശീധരന്‍ തന്നെ കേസ് അന്വേഷണം നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ശശീധരന്‍ വിജിലന്‍സ് എറണാകുളം എസ്പിയായിരുന്ന ഘട്ടത്തിലാണ് കേസ് അന്വേഷിച്ചിരുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹത്തെ പോലീസ് അക്കാദമിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. കേസില്‍ ശശീധരനെ കോടതി ഇന്ന് നേരിട്ട് കേട്ടതിന് ശേഷമാണ് അദ്ദേഹം തന്നെ അന്വേഷണം പൂര്‍ത്തീകരിക്കണമെന്ന ഉത്തരവുണ്ടായിരിക്കുന്നത്. ഇത് സംബന്ധിച്ച് ഉത്തരവിറക്കാന്‍ വിജിലന്‍സ് മേധാവിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
2016-ല്‍ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പരാതിയിലാണ് വെള്ളാപ്പള്ളി നടേശനെയടക്കം പ്രതിചേര്‍ത്ത് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും കുറഞ്ഞ പലിശയ്ക്ക് വായ്പ എടുത്തശേഷം കൂടിയ പലിശയ്ക്ക് എസ്എന്‍ഡിപി സംഘങ്ങള്‍ക്ക് മറിച്ച് നല്‍കി അധിക ലാഭമുണ്ടാക്കിയെന്ന പരാതിയാണ് കേസിനാധാരം.