സ്വർണ്ണം നാണയമായി വാങ്ങുന്നവർ ഇനി ശ്രദ്ധിക്കുക
കൊച്ചി: സ്വര്‍ണം ആഭരണമായി മാത്രമല്ല ആളുകള്‍ വാങ്ങി വയ്ക്കുന്നത്. നാണയമായും വാങ്ങുന്നുണ്ട്. കൂടാതെ ബാറുകള്‍ ആയും ഡിജിറ്റല്‍ ആയും സ്വര്‍ണം വാങ്ങുന്നവര്‍ അടുത്ത കാലത്ത് വര്‍ധിച്ചു വരുന്നു. ഈ സാഹചര്യത്തില്‍ വിപണിയിലെ സുതാര്യത ഉറപ്പാക്കാന്‍ ചില നടപടികള്‍ക്ക് ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. നേരത്തെ സ്വര്‍ണനാണയം വാങ്ങിവച്ചവര്‍ക്ക് ഇത് ആശങ്കയാകാം.
എന്നാല്‍ സ്വര്‍ണ വിപണിയിലെ ചൂഷണം തടയുകയാണ് ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട പുതിയ നിര്‍ദേശങ്ങള്‍ ചര്‍ച്ചകള്‍ക്ക് ശേഷമാകും നടപ്പാക്കുക. അതിനിടെ, സ്വര്‍ണം തൂക്കുന്ന ഇലക്ട്രോണിക് ബാലന്‍സുകളുടെ അക്വറസി ഒരു മില്ലിഗ്രാം ആക്കണം എന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ നിര്‍ത്തണം എന്ന് കേരളത്തിലെ ജ്വല്ലറി വ്യാപാരികളുടെ സംഘടന ആവശ്യപ്പെട്ടു. അറിയാം രണ്ട് കാര്യങ്ങളിലുമുള്ള പുതിയ വിവരങ്ങള്‍…
ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബിഐഎസ്) അംഗീകാരമുള്ള ശാലകളില്‍ മാത്രമേ ഗോള്‍ഡ് കോയിനുകള്‍ നിര്‍മിക്കാന്‍ പാടുള്ളൂ എന്നാണ് പുതിയ നിര്‍ദേശം. സ്വര്‍ണ നാണയങ്ങളുടെ ഉല്‍പാദനം ഏകീകരിക്കാനും അംഗീകാരമില്ലാത്ത സ്വര്‍ണ നാണയ നിര്‍മാണം തടയാനുമാണ് സര്‍ക്കാര്‍ ഉദ്ദേശം. പുതിയ നിയമം നിലവില്‍ വരുന്നതോടെ ജ്വല്ലറികള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ സ്വര്‍ണ നാണയങ്ങള്‍ നിര്‍മിക്കാന്‍ കഴിയില്ല.
സ്വര്‍ണത്തിന്റെ വില ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ നീക്കം ഉപയോക്താക്കള്‍ക്ക് ഏറെ പ്രയോജനകരമാകും. ബിഐഎസ് മുദ്രയില്ലാത്ത സ്വര്‍ണ നാണയങ്ങള്‍ വാങ്ങുമ്പോള്‍ ഗുണനിലവാരവും ആധികാരികതയും ഉറപ്പുവരുത്താന്‍ സാധിക്കില്ല. പുതിയ നിര്‍ദേശം നടപ്പായാല്‍ സ്വര്‍ണ വിപണിയിലുള്ള വിശ്വാസം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തൂക്കത്തിലെ മാറ്റം; സാവകാശം വേണം എന്ന് സ്വര്‍ണ വ്യാപാരികള്‍
അതേസമയം, സ്വര്‍ണം തൂക്കുന്നതില്‍ വരുന്ന മാറ്റത്തോട് വിയോജിക്കുകയാണ് ജ്വല്ലറി വ്യാപാരികള്‍. അവരുടെ പ്രതികരണം ഇങ്ങനെയാണ്- ”സ്വര്‍ണവും വിലപിടിപ്പുള്ള ലോഹങ്ങളും തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ബാലന്‍സുകളുടെ അക്വറസി 1 മില്ലിഗ്രാം ആക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നു മുതല്‍ നിലവില്‍ വരുമെന്ന് ഉത്തരവില്‍ പറയുന്നില്ല.
രാജ്യത്തെ ലക്ഷക്കണക്കിന് ജ്വല്ലറികളില്‍ ഇപ്പോള്‍ 10 മില്ലിഗ്രാം അക്വറസി വെയിംഗ് ബാലന്‍സുകളാണ് ഉപയോഗിക്കുന്നത്. സ്വര്‍ണ വ്യാപാരികളെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ തൂക്കം സ്വര്‍ണം നല്‍കുകയാണ് ചെയ്തുവരുന്നത്. പുതിയ സ്വര്‍ണാഭരണങ്ങള്‍ നല്‍കുന്ന അതേ ഇലക്ട്രോണിക് ബാലന്‍സുകളില്‍ തന്നെയാണ് ഉപഭോക്താക്കളില്‍ നിന്നും പഴയ സ്വര്‍ണം തിരികെ എടുക്കുന്നതും.
പുതിയ നിയമം പ്രാബല്യത്തില്‍ വരുത്തുന്നതിനു വേണ്ടി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇങ്ങനെയൊരു നിയമം നടപ്പാക്കുന്നതിന് മുമ്പായി സ്വര്‍ണ വ്യാപാര അസോസിയേഷനുകളുമായി ചര്‍ച്ച ചെയ്തിട്ടില്ല. പെട്ടെന്നൊരു തീരുമാനമെടുത്ത് ഈ മേഖലയെ ആശങ്കയില്‍ ആഴ്ത്തരുത്. വര്‍ഷങ്ങളുടെ സാവകാശം ആവശ്യമുണ്ട്. ഇത്തരം നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവരെ സമീപിച്ചിട്ടുണ്ട്. നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ സമരങ്ങള്‍ നടത്തുമെന്ന്” ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അറിയിച്ചു.