“ജാനകി’ വിവാദം;എല്ലാം കഴിഞ്ഞ്, മൗനം വെടിഞ്ഞ് നായകനെത്തി
കഥാപാത്രത്തിന്റെ പേരിലൂടെ വിവാദമായ ‘ജെഎസ്കെ – ജാനകി. വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രം ജൂലായ് 17 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് സുരേഷ് ഗോപി. ചിത്രത്തിന്റെ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപി ഇക്കാര്യം അറിയിച്ചത്. ചിത്രത്തിലെ നായകനാണ് സുരേഷ് ഗോപി. യുഎ 16 പ്ലസ് സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
സിനിമയ്ക്ക് എട്ട് മാറ്റങ്ങളോടെ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയിരുന്നു. റീ എഡിറ്റ് ചെയ്ത പതിപ്പാണ് സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ചത്. സിനിമയുടെ പേര് മാറ്റിയിട്ടുണ്ട്. കോടതി രംഗങ്ങളും എഡിറ്റ് ചെയ്തിട്ടുണ്ട്.
ജെഎസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്നായിരുന്നു സിനിമയുടെ ആദ്യ പേര്. ജാനകി എന്ന പേരിലാണ് സെന്‍സര്‍ ബോര്‍ഡ് വിവാദം സൃഷ്ടിച്ചത്. ലൈംഗിക അതിക്രമം നേരിട്ട ജാനകി എന്ന കഥാപാത്രം നടത്തുന്ന നിയമപോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം.
ജാനകി എന്ന പേര് ഹിന്ദു ദൈവമായ സീതാദേവിയുടെ പര്യായമായതിനാല്‍ ലൈംഗിക അതിക്രമത്തിന് ഇരയായ സ്ത്രീക്ക് ജാനകി എന്ന പേര് ഇടാന്‍ അനുവദിക്കില്ല എന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ വാദം.
ഇതിന്റെ പേരില്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതിയും നിഷേധിച്ചു. ഇതേതുടര്‍ന്ന് തര്‍ക്കം കോടതിയിലുമെത്തി. സിനിമയുടെ പേരും രണ്ടു കോടതി രംഗങ്ങളും മാറ്റം വരുത്താന്‍ നിര്‍മ്മാതാക്കള്‍ ഹൈക്കോടതിയില്‍ സമ്മതിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് എഡിറ്റ് ചെയ്ത പുതിയ സിനിമ സെന്‍സര്‍ ബോര്‍ഡിന് മുന്നില്‍ എത്തിയത്. ക്രോസ് വിസ്താര സീനുകളില്‍ ഈ പേര് പറയുന്നിടം മ്യൂട്ടാക്കും. ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ നിര്‍മ്മാതാക്കളായ കോസ്മോസ് എന്റര്ടെയ്ന്മെന്റ് അംഗീകരിച്ചിരുന്നു.
സുരേഷ് ഗോപി, അനുപമ പരമേശ്വരന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീണ്‍ നാരായണന് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ജെഎസ്കെ. അഡ്വക്കേറ്റ് ഡേവിഡ് ആബേല്‍ ഡോണോവാന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി അഭിനയിക്കുന്നത്.
ചിത്രത്തോടുള്ള സെന്‍സര്‍ ബോര്‍ഡിന്റെ സമീപനത്തിനെതിരേ രാഷ്ട്രീയ, സിനിമാ മേഖലകളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. സെന്‍സര്‍ ബോര്‍ഡിനെതിരേ സിനിമാ സംഘടനകളും രാഷ്ട്രീയ നേതാക്കളും രംഗത്തുവന്നു. അപ്പോഴും കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി മൗനം പാലിച്ചത് ഏറെ ചര്‍ച്ചയായിരുന്നു.
സുരേഷ് ഗോപി മൗനം വെടിയണമെന്ന് നിരവധി കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നെങ്കിലും അദ്ദേഹം പ്രതികരിച്ചിരുന്നില്ല.സുരേഷ് ഗോപിയും മകന് മാധവ് സുരേഷും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ഏറെ നാളുകള്‍ക്കു ശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ജെഎസ്കെ. അസ്കര്‍ അലി, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രന്, ജോയ് മാത്യു, ബൈജു സന്തോഷ്, യദുകൃഷ്ണ, ജയന് ചേര്‍ത്തല, ഷഫീര്‍ ഖാന്, രജത്ത് മേനോന്, നിസ്താര്‍ സേട്ട്, ഷോബി തിലകന്, ബാലാജി ശര്‍മ്മ, ജയ് വിഷ്ണു, മേധ പല്ലവി, പ്രശാന്ത് മാധവ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍