നടൻ ശ്രീകാന്തിന്റെ അറസ്റ്റ്, -ചെന്നൈ ബിഗ് റാക്കറ്റ് – പുറത്ത് വരും
ചെന്നൈ∙ ലഹരിക്കേസിൽ നടൻ ശ്രീകാന്തിന്റെ അറസ്റ്റ് ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിമിനൽ സംഘങ്ങളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുകൊണ്ടുവന്നേക്കുമെന്ന് റിപ്പോർട്ട്. ലഹരിക്കടത്ത്, സാമ്പത്തിക തട്ടിപ്പ്, ഭീഷണിപ്പെടുത്തി പണംതട്ടൽ, ഭൂമി കൈയേറ്റം തുടങ്ങി ചെന്നൈയിൽ വളർന്നു വരുന്ന ക്രിമിനൽ ശൃംഖലയിലെ പ്രധാനിയാണ് കേസിൽ അറസ്റ്റിലായ പ്രസാദെന്ന് പൊലീസ് പറയുന്നു. കേസിലെ മുഖ്യ പ്രതിയും, ശ്രീകാന്തിന് കൊക്കെയ്ൻ വിതരണം ചെയ്തെന്ന് പറയപ്പെടുന്ന മയിലാപ്പൂർ സ്വദേശി പ്രസാദ് സ്ഥിരമായി ലഹരി പാർട്ടികൾ സംഘടിപ്പിക്കുകയും ഒട്ടേറെപ്പേർക്ക് കൊക്കെയ്ൻ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
പല തലങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ക്രിമിനൽ പ്രവർത്തനങ്ങളിൽ ഒന്നുമാത്രമാണ് ഇയാൾക്ക് ലഹരിക്കടത്തെന്നും പൊലീസ് അറിയിച്ചു. എഐഎഡിഎംകെയുടെ ഐടി വിഭാഗത്തിലുണ്ടായിരുന്ന പ്രസാദിന്റെ അറസ്റ്റില്‍ നിന്നാണ് പൊലീസ് ശ്രീകാന്തിലേക്ക് എത്തിയത്. എഐഎഡിഎംകെ പുറത്താക്കിയ ഇയാളെ ചെന്നൈയിലെ പബ്ബിലുണ്ടായ കശപിശയെ തുടര്‍ന്നാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
പ്രസാദ് വലിയൊരു തൊഴിൽ തട്ടിപ്പ് റാക്കറ്റിന്റെ ഭാഗമാണെന്നും സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ഇയാൾ ഇരുന്നൂറിൽ അധികം ആളുകളെ വഞ്ചിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ചെന്നൈ കോർപറേഷൻ, റെയിൽവേ, ആദായനികുതി വകുപ്പ്, തമിഴ്നാട് പബ്ലിക് സർവീസ് കമ്മിഷൻ എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടന്നിട്ടുള്ളതെന്നും പൊലീസ് പറഞ്ഞു. നിലവിൽ അന്വേഷണത്തിലിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്താൽ പല ആളുകളുടെയും ഫോൺ കോളുകളും മറ്റും ടാപ് ചെയ്ത് അവരെ ഭീഷണിപ്പെടുത്താറുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു. പ്രസാദുമായി അടുത്ത ബന്ധമുള്ള ഒരു പൊലീസ് കോൺസ്റ്റബിളും അറസ്റ്റിലായിരുന്നു. സംഭവത്തിൽ ഇതുവരെ 22 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
നടൻ ശ്രീകാന്തിനെതിരെ നർകോട്ടിക് നിയമത്തിലെ 3 വകുപ്പുകൾ പ്രകാരമാണ് നടപടി. നടൻ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണു കേസെടുത്തത്. 10 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനു ശേഷം തിങ്കൾ വൈകിട്ടാണു ശ്രീകാന്തിനെ നുങ്കംപാക്കം പൊലീസ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ നുങ്കംപാക്കത്തെ വീട്ടിൽ നിന്നു ലഹരി പിടിച്ചെടുത്ത പൊലീസ്, ലഹരി വാങ്ങുന്നതിന് നടത്തിയ പണമിടപാടുകളും കണ്ടെത്തിയിരുന്നു. അതിനിടെ, പുഴൽ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന നടൻ എഗ്‌മൂർ കോടതിയിൽ ജാമ്യാപേക്ഷ നൽകി. തനിക്കു മകനുണ്ടെന്നും കുടുംബത്തെ സംരക്ഷിക്കണമെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. ലഹരി ഇടപാടിൽ കൂടുതൽ പേർക്കു ബന്ധമുണ്ടോയെന്നതടക്കം കണ്ടെത്തുന്നതിന് നടനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാനാണു പൊലീസിന്റെ തീരുമാനം.