പുസ്തകങ്ങൾ വിലക്കി കാശ്മീർ ഭരണകൂടം
ശ്രീനഗർ: അരുന്ധതി റോയ്, എ ജി നൂറാനി തുടങ്ങിയ പ്രമുഖ എഴുത്തുകാരുടെതുൾപ്പെടെ പുസ്‌തകങ്ങൾക്ക് കശ്‌മീരിൽ നിരോധനം ഏർപ്പെടുത്തി ഭരണകൂടം. കശ്‌മീരിനെക്കുറിച്ചുള്ള 25 പുസ്‌തകങ്ങളുടെ പ്രസിദ്ധീകരണമാണ് ജമ്മു കശ്‌മീർ ആഭ്യന്തര വകുപ്പ് നിരോധിച്ചത്. അവ വിഘടനവാദവും തീവ്രവാദവും പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് നടപടി. ഈ പുസ്‌തകങ്ങൾ കശ്‌മീരിൽ ഇനി വിൽക്കാനും പ്രസിദ്ധീകരിക്കാനും പാടില്ല.
ജമ്മു കശ്‌മീരിലെ ചില സാഹിത്യ സൃഷ്‌ടികൾ തെറ്റായ വിവരണങ്ങളും വിഘടനവാദവും പ്രചരിപ്പിക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്… ഈ സാഹിത്യ കൃതികൾ ഇരവാദം, തീവ്രവാദത്തെ മഹത്വവൽക്കരിക്കൽ എന്നിവയുടെ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിലൂടെ യുവാക്കളുടെ മനസിനെ ആഴത്തിൽ സ്വാധീനിക്കും’ എന്നാണ് ഉത്തരവിൽ പറയുന്നത്.
ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ ഉത്തരവ് പ്രകാരം ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചന്ദ്രകേർ ഭാരതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നിരോധിച്ച പുസ്‌തകങ്ങൾ വിഘടനവാദത്തെ ഉത്തേജിപ്പിക്കുന്നതും ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും അപകടപ്പെടുത്തുന്നതുമാണെന്ന് കണ്ടെത്തിയതായി ഉത്തരവിൽ വ്യക്തമാക്കുന്നു.
‘ചരിത്രപരമായ വസ്‌തുതകളുടെ വളച്ചൊടിക്കൽ, തീവ്രവാദികളുടെ മഹത്വവൽക്കരണം, സുരക്ഷാ സേനയെ അപകീർത്തിപ്പെടുത്തൽ, മതപരമായ തീവ്രവാദവൽക്കരണം, അന്യവൽക്കരണത്തെ പ്രോത്സാഹിപ്പിക്കൽ, അക്രമത്തിലേക്കും ഭീകരതയിലേക്കുമുള്ള പാത തുടങ്ങിയവയാണ് ജമ്മു കകശ്‌മീരിലെ യുവാക്കൾക്ക് ഈ സാഹിത്യം സംഭാവന ചെയ്‌ത ചില കാര്യങ്ങൾ’ എന്നും ഉത്തരവിൽ പറയുന്നു.
ഭാരതീയ ന്യായ സംഹിത 2023ലെ സെക്ഷൻ 152, 196 & 197 ലെ വ്യവസ്ഥകൾ പ്രകാരമാണ് ജമ്മു കശ്‌മീർ ഭരണകൂടത്തിന്റെ നടപടി. നിരോധിച്ച പുസ്തകങ്ങളുടെ പട്ടികയിൽ വിവിധ രാഷ്ട്രീയ വ്യാഖ്യാനങ്ങളും ചരിത്ര വിവരണങ്ങളും ഉൾപ്പെടുന്നു. കൂടാതെ മറ്റ് സാഹിത്യ കൃതികളും നിരോധിച്ച പുസ്തകങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
പ്രമുഖ ഭരണഘടനാ വിദഗ്‌ധനായ നൂറാനിയുടെ കശ്‌മീർ ഡിസ്പ്യൂട്ട് 1947-2012, സുമന്ത്ര ബോസിന്റെ കശ്‌മീർ അറ്റ് ദി ക്രോസ്‌റോഡ്‌സ് ആൻഡ് കണ്ടസ്‌റ്റഡ് ലാൻഡ്‌സ്, ഡേവിഡ് ദേവദാസിന്റെ ഇൻ സെർച്ച് ഓഫ് എ ഫ്യൂച്ചർ: ദി കശ്‌മീർ സ്‌റ്റോറി, പത്രപ്രവർത്തക അനുരാധ ഭാസിൻ എഴുതിയ എ ഡിസ്‌മാന്റിൽഡ് സ്‌റ്റേറ്റ്: ദി അൺടോൾഡ് സ്‌റ്റോറി ഓഫ് കശ്‌മീർ ആഫ്റ്റർ ആർട്ടിക്കിൾ 370. അരുന്ധതി റോയുടെ ആസാദി എന്നിവയാണ് നിരോധിച്ച പ്രമുഖ പുസ്‌തകങ്ങൾ.
കൂടാതെ കശ്‌മീരി-അമേരിക്കൻ എഴുത്തുകാരിയായ ഹഫ്‌സ കാഞ്ച്വാളിന്റെ കൊളോണിയൈസിംഗ് കശ്‌മീർ: സ്‌റ്റേറ്റ്-ബിൽഡിംഗ് അണ്ടർ ഇന്ത്യൻ ഒക്യുപറേഷൻ, ഹാലി ഡഷിൻസ്‌കിയുടെ റെസിസ്റ്റിംഗ് ഒക്യുപേഷൻ ഇൻ കശ്‌മീർ, വിക്ടോറിയ ഷോഫീൽഡിന്റെ കശ്‌മീർ ഇൻ കോൺഫ്ലിക്റ്റ്, ക്രിസ്‌റ്റഫർ സ്നെഡന്റെ ഇൻഡിപെൻഡന്റ് കശ്‌മീർ എന്നിവയാണ് നിരോധിക്കപ്പെട്ട അന്താരാഷ്ട്ര പുസ്‌തകങ്ങൾ.