ഗൂഗിൾ മാപ്പ് ചതിച്ചു, കാർ പുഴയിൽ പതിച്ചു
തൃശൂർ :തിരുവില്വാമലയിൽ ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച കാർ പുഴയിൽ പതിച്ചു. മലപ്പുറം കോട്ടക്കൽ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. അഞ്ചുപേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കുത്താമ്പുള്ളിയിൽനിന്ന് കൈത്തറി വാങ്ങി മടങ്ങുകയായിരുന്നു ,കുടുംബം.മലപ്പുറം കോട്ടക്കൽ സ്വദേശികളായ അഞ്ചംഗ കുടുംബമാണ് അപകടത്തിൽപെട്ടത്. ഗായത്രിപ്പുഴയ്ക്ക് കുറുകെ കൊണ്ടാഴി, തിരുവില്വാമല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന എഴുന്നള്ളത്ത് കടവ് തടയണയിലാണ് സംഭവം. അഞ്ചുപേരും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ഞായറാഴ്ച രാത്രി ഏഴരയോടെ കരയിൽനിന്ന് ഏകദേശം 30 മീറ്ററോളം ദൂരത്തിലാണ് സംഭവം. കുത്താമ്പുള്ളിയിൽനിന്ന് കൈത്തറി വാങ്ങി മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപെട്ടത്.
ദിശ തെറ്റി തടയണയിലൂടെ വന്ന കാർ അഞ്ചടിയോളം വെള്ളമുള്ള ഭാഗത്തേക്കാണ് പതിച്ചത്. പിന്നാലെ എത്തിയ കാറുകാരൻ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. മറ്റൊരു കാറിലുണ്ടായിരുന്ന ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് അപകടത്തിൽപെട്ട അഞ്ചുപേരെയും രക്ഷപ്പെടുത്തിയത്.
മലപ്പുറം കോട്ടക്കൽ ചേങ്ങോട്ടൂർ മന്താരത്തൊടി വീട്ടിൽ ബാലകൃഷ്ണൻ, സദാനന്ദൻ, വിശാലാക്ഷി, രുക്മിണി, കൃഷ്ണപ്രസാദ് എന്നിവരാണ് അപകടത്തിൽപെട്ടത്. പഴയന്നൂർ പോലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു. പ്രദേശത്ത് മുൻപും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.