ലുലു വരുന്നു , പത്തനാപുരത്തേക്ക്
കേരളത്തിൽ വീണ്ടുമൊരു ഹൈപ്പാർമാർക്കറ്റ് തുറക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്. കൊല്ലം പത്തനാപുരത്താണ് ഹൈപ്പർ മാർക്കറ്റ് വരുന്നത്. മന്ത്രി ഗണേഷ് കുമാർ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കൊല്ലം കൊട്ടിയത്ത് ലുലു ഡെയ്ലി തുടങ്ങിയതിന് പിന്നാലെ പുതിയ ഹൈപ്പർമാർക്കറ്റിനായുള്ള ശ്രമങ്ങൾ ആരംഭിച്ചതായി മന്ത്രി ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ ഒരു പൊതുപരിപാടിയിൽ വെച്ചായിരുന്നു തന്റെ മണ്ഡലത്തിലേക്ക് ലുലുവിനെ എത്തിക്കാനുള്ള പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കിയതായി മന്ത്രി വ്യക്തമാക്കിയത്.
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്. 98 ശതമാനവും ഇത് വിജയകരമാകാനാണ് സാധ്യത. ആദ്യം അവര്‍ വന്നു. ചില പരിമിതികളുണ്ട് എന്ന് പറഞ്ഞ് അവര്‍ പോയി. പക്ഷെ നമുക്ക് അതൊന്നും ചെയ്യാന്‍ പറ്റാത്ത പരിമിതിയാണ്. അതിന്റെ ഉയരം കൂട്ടാന്‍ പറ്റില്ല. ഉയരം കുറവാണ് എന്ന് പറഞ്ഞു. പക്ഷെ മറ്റൊരു വിധത്തില്‍ ചെയ്യാം എന്ന് ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞു.’ എന്നായിരുന്നു
മന്ത്രി വ്യക്തമാക്കിയത്. എന്നാൽ പിന്നീട് ഹൈപ്പർമാർക്കറ്റ് സംബന്ധിച്ച അപ്ഡേറ്റുകളൊന്നും ഉണ്ടായിരുന്നില്ല. ഏഴ് മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ പത്തനാപുരം പഞ്ചായത്തിന്റെ കീഴില്‍ പ്രവർത്തിക്കുന്ന സെന്‍ട്രല്‍ മാളിൽ ലുലു ഹൈപ്പർമാർക്കറ്റ് തുടങ്ങുമെന്ന് മന്ത്രി അറിയിച്ചത്.
മോഹന്‍ലാലിന്റെ ആശിര്‍വാദിന്റെ മൂന്ന് തിയേറ്ററുകള്‍ പഞ്ചായത്ത് മാളിൽ വരാനിരിക്കുകയാണ്. വലിയ ഹൈപ്പര്‍മാര്‍ക്കറ്റ് സെന്‍ട്രല്‍ മാളിനുള്ളില്‍ വന്നു കഴിഞ്ഞാല്‍ അത് മറ്റ് കച്ചവടക്കാർക്കും ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുനന്ത്.
അതേസമയം പുതിയ മാളിന്റെ വരവ് കൂടുതൽ തൊഴിൽ അവസരങ്ങളും സൃഷ്ടിക്കും. കൊട്ടിയം ഡെയ്ലി തുറന്നപ്പോൾ തന്നെ 600 പേർക്ക് നേരിട്ടും അല്ലാതെയും ജോലി ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഹൈപ്പർ മാർക്കറ്റിന്റെ വരവും നിരവധി പേർക്ക് തൊഴിൽ ലഭിക്കാൻ ഇടയാക്കും.