ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനവും മിന്നൽ പ്രളയവും
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ആശങ്ക ഇരട്ടിയാക്കി വീണ്ടും മേഘവിസ്‌ഫോടനം. പ്രളയത്തില്‍ മുങ്ങിയ ഉത്തരകാശിയിലെ ധരാളി ഗ്രാമത്തിനടുത്താണ് വീണ്ടും മേഘവിസ്‌ഫോടനമുണ്ടായത്. മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ഘീര്‍ഗംഗ നദിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഒരു ഗ്രാമം ഒന്നാകെ ഒലിച്ചുപോയ ധരാളിക്കടുത്ത സുഖി ടോപ്പിലാണ് രണ്ടാമത് മേഘവിസ്‌ഫോടനമുണ്ടായതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ദുഷ്‌കരമായി. അഞ്ചോളം പേര്‍ മരിച്ചതായാണ് വിവരം. നിരവധി പേരെ കാണാനില്ല. മിന്നല്‍ പ്രളയത്തിലുണ്ടായ മണ്ണിടിച്ചിലില്‍ ധരാളി ഗ്രാമത്തിന്റെ ഒരു ഒരു ഭാഗം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. സുഖി ടോപ്പിലെ ദുരന്തത്തെ കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല. അതേസമയം 130 പേരെ സൈന്യം രക്ഷപ്പെടുത്തി. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍ തുറന്നു. 01374-222126, 222722, 9456556431 ഈ നമ്പറുകളില്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് വിളിക്കാം.
ഉത്തരകാശിയില്‍ ഇരട്ട മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് കാണാതായവരില്‍ സൈനികരും ഉള്‍പ്പെട്ടതായി വിവരം. ഹര്‍സില്‍ ആര്‍മി ബേസ് ക്യാമ്പിനെ മിന്നല്‍ പ്രളയം ബാധിച്ചതായാണ് അറിയുന്നത്. രണ്ടാമതുണ്ടായ മേഘവിസ്‌ഫോടനവും മിന്നല്‍ പ്രളയവുമാണ് ആര്‍മി ക്യാമ്പിനെ ബാധിച്ചത്.
അതേസമയം ദുരന്തഭൂമിയില്‍ കൂടുതല്‍ സൈന്യത്തെയെത്തിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായി സംസാരിച്ച് സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. ദുരന്തത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.
ഉച്ചക്ക് 1.40 ഓടെയാണ് ആദ്യ മേഘവിസ്‌ഫോടനമുണ്ടായത്. ഇതോടെ ബഹുനില കെട്ടിടങ്ങളെയും വീടുകളെയുമെല്ലാം പിഴുതെടുത്താണ് പ്രളയജലം ധരാളി ഗ്രാമത്തെ മുക്കിയത്.ഓടിക്കൊണ്ടിരുന്ന വാഹനങ്ങളടക്കം ഒഴുകിപ്പോയി. അടുത്തുതന്നെ വിനോദ സഞ്ചാര കേന്ദ്രമുള്ളതിനാല്‍ പ്രദേശത്ത് നിരവധി ഹോട്ടലുകളും റിസോര്‍ട്ടുകളുമുണ്ടായിരുന്നു. ഇവയെല്ലാം ഒലിച്ചുപോയതായാണ് വിവരം.