കലാമണ്ഡലം സത്യഭാമക്ക് കോടതിയിൽ തിരിച്ചടി
കൊച്ചി: നിറത്തിന്റെ പേരില്‍ ആര്‍എല്‍വി രാമകൃഷ്ണനെ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് വിവാദങ്ങളില്‍ ഇടംപിടിച്ച കലാമണ്ഡലം സത്യഭാമയ്ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. നര്‍ത്തകരായ ആര്‍എല്‍വി രാമകൃഷ്ണന്, യു ഉല്ലാസ് എന്നിവര്‍ക്കെതിരെ കലാമണ്ഡലം സത്യഭാമ നല്കിയ അപകീര്‍ത്തി കേസാണ് ഹൈക്കോടതി റദ്ദാക്കിയത്.
ഇരുവര്‍ക്കും എതിരേയുള്ള സത്യഭാമയുടെ പരാതിയില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കേസ് എടുത്തിരുന്നു. ഇതിനെതിരേ രാമകൃഷ്ണനും ഉല്ലാസും ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഇതിലെ തുടര്‍ നടപടികളാണ് ഹൈക്കോടതി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് റദ്ദാക്കിയത്. രാമകൃഷ്ണന്റെയും ഉല്ലാസിന്റെയും ഹര്‍ജി അനുവദിച്ചായിരുന്നു നടപടി.
സത്യഭാമയും രാമകൃഷ്ണനും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് കേസിന് അടിസ്ഥാനം. താനുമായുള്ള ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത ശേഷം എഡിറ്റ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നായിരുന്നു സത്യഭാമയുടെ പരാതി. എന്നാല്‍, അപകീര്‍ത്തികരമെന്ന് ആരോപിക്കുന്ന പ്രസ്താവനകളും പ്രചരിപ്പിച്ചതിന്റെ പകര്‍പ്പുകളും ഹാജരാക്കാന്‍ സത്യഭാമയ്ക്ക് കഴിഞ്ഞില്ല. വിചാരണക്കോടതിയും ഇത് പരിഗണിച്ചിട്ടില്ലെന്ന് വിലയിരുത്തിയ ഹൈക്കോടതി, തെളിവുകളുടെ അഭാവത്തില്‍ ഹര്‍ജിക്കാര്‍ക്കെതിരായ കേസ് നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി.